കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെ വിട്ടു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
ഗ്രോ വാസുവിനെ വെറുതെ വിടുന്നു എന്ന ഒറ്റ വരി വിധി പ്രസ്താവമാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. വിശദമായ വിധി പകര്‍പ്പ് വന്നിട്ടില്ല.
തനിക്കെതിരായ കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാന്‍ ഇല്ലെന്ന് ഗ്രോ വാസു ഇന്നലെ കോടതിയില്‍ നിലപാടെടുത്തിരുന്നു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘം ചേര്‍ന്നതിന് അധികൃതര്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കോടതിയില്‍ നടന്ന വാദത്തിനിടെ മാവോയിസ്റ്റുകളെ കൊല്ലാന്‍ വേണ്ടി വെടിവച്ചതാണെന്നും ഏറ്റുമുട്ടലായിരുന്നെങ്കില്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാസു ചോദിച്ചിരുന്നു. എന്നാല്‍ താങ്കളുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കോടതിയില്‍ പറഞ്ഞാല്‍ മതിയെന്ന് ഗ്രോ വാസുവിനോട് കോടതി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്ന് ഗ്രോ വാസു കോടതിയില്‍ വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചെന്ന് സമ്മതിച്ച അദ്ദേഹം മുദ്രാവാക്യം വിളിച്ചതിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ചതിയിലൂടെ കേരള പൊലീസ് വെടിവച്ച് കൊന്നതാണെന്ന് ഗ്രോ വാസു ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന്‍ സര്‍ക്കാരിനാണെന്നും അതിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്നും ഗ്രോ വാസു കോഴിക്കോട് കുന്നമംഗലം കോടതിയില്‍ നടന്ന വിചാരണയില്‍ പറഞ്ഞു.
വിചാരണയ്ക്കിടെ കോടതി ഇരുന്ന് സംസാരിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ഔദാര്യം വേണ്ടെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് വിചാരണയ്ക്ക് ഹാജരാകാമെന്ന കോടതിയുടെ നിര്‍ദ്ദേശവും ഗ്രോവാസു തള്ളിയിരുന്നു. നേരിട്ട് വരാമെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചെങ്കിലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന നിലപാടെടുക്കുകയായിരുന്നു കോടതി.
അജിതയ്ക്കും, കുപ്പു ദേവരാജിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇന്നലെ ഗ്രോ വാസു കോടതിയില്‍ എത്തിയത്. ജൂലൈ 29ാം തിയതിയാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിഷേധം നടത്തിയ കേസിലാണ് വാസു അറസ്റ്റിലായത്. കഴിഞ്ഞ ഒന്നര മാസമായി ജയിലിലായിരുന്നു ഗ്രോ വാസു.
content highlights; Grow vasu left alone