Advertisement
Kerala News
ഇതെന്റെ സമരമാണ്; വിജയിക്കുക തന്നെ ചെയ്യും: കോഴിക്കോട് സബ് ജയിലില്‍ നിന്നും ഗ്രോ വാസു സംസാരിക്കുന്നു
ജാസിം മൊയ്തീന്‍
2023 Jul 31, 12:08 pm
Monday, 31st July 2023, 5:38 pm

കോഴിക്കോട്: ജാമ്യം വേണ്ടെന്ന നിലപാടെടുത്ത് ജയിലില്‍ പോകാന്‍ തയ്യാറായത് തന്റെ സമരമാണെന്ന് കോഴിക്കോട് സബ് ജയിലില്‍ കഴിയുന്ന ഗ്രോ വാസു പറഞ്ഞു. ഈ സമരം വിജയിക്കുമെന്നും, തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. താന്‍ ഒപ്പിടാതെ തന്നെ ഈ സമരം വിജയിക്കുമെന്നും ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഗ്രോവാസു പറഞ്ഞു. തറയില്‍ കിടക്കുന്നതിന്റെ ബുദ്ധിമുട്ടുകളും നേരത്തെ തന്നെയുള്ള നട്ടെല്ലിനേറ്റ പരിക്കുകളും അലട്ടുന്നുണ്ടെങ്കിലും അതൊന്നും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രോ വാസുവിന്റെ വാക്കുകള്‍

‘ജയില്‍ വാസം തെരഞ്ഞെടുത്തത് എന്റെ സമരമാര്‍ഗമാണ്. ഇത്രയും കാലം ആരും ശബ്ദിക്കാതിരുന്നത് കൊണ്ടാണ് ഇത്തരം ചെറിയ കേസുകള്‍ക്ക് പോലും അറസ്റ്റും നടപടികളുമുണ്ടാകുന്നത്. ഈ കേസിനാസ്പദമായ സമരം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നിലാണ്, റോഡിലോ, പൊതു നിരത്തുകളിലോ അല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ഗതാഗത തടസ്സങ്ങളോ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കലോ ഉണ്ടായിട്ടില്ല.

വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിനും അജിതക്കും അനുശോചനം രേഖപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്തത്. ഇത്രയും പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കേസില്ല, അനുശോചനം അറിയച്ചതിനാണ് കേസ്. അതുകൊണ്ട് തന്നെ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. അഭിഭാഷകരടക്കം നിരവധിപേര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇവിടെയും നിരവധിപേര്‍ വരുന്നുണ്ട്. ഞാന്‍ പിന്‍മാറാന്‍ തയ്യാറല്ല. ഞാന്‍ വക്കാലത്ത് ഒപ്പിടാതെ തന്നെ ഈ കേസ് അവസാനിക്കും.

ജനങ്ങളില്‍ എനിക്ക് പ്രതീക്ഷയുണ്ട്. വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുന്നതായി ഞാന്‍ അറിയുന്നു. ആരും തന്നെ ഞാന്‍ പറഞ്ഞിട്ട് പ്രതിഷേധിക്കുന്നവരല്ല. ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി തന്നെ ഈ കേസ് അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ പോലും സമരരംഗത്തുണ്ട്. അതൊന്നും ഞാന്‍ പറഞ്ഞിട്ടല്ലല്ലോ.

ബിര്‍ളക്ക് വരെ സമരങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട് എന്നത് എന്റെ സമര ജീവിതത്തിലെ അനുഭവമാണ്. ഗ്വോളിയോര്‍ റയോണ്‍സ് സമരങ്ങള്‍ക്ക് മുന്നില്‍ ബിര്‍ള മുട്ടുമടക്കിയപ്പോള്‍ തൊഴിലാളികളടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ മനസിലുണ്ട്. അത് കൊണ്ട് തന്നെ ഈ സമരവും വിജയിക്കും. ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ ഈ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും,’ ഗ്രോ വാസു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരായിരുന്ന കുപ്പുദേവരാജും അജിതയും എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധിച്ചു എന്നതായിരുന്നു കേസ്. കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച പൊലീസ് ഗ്രോവാസുവിനെ അറസ്റ്റ് ചെയ്തത്. കോടതി നല്‍കിയ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ സ്വന്തം ജാമ്യത്തില്‍ വിടാമെന്ന് കോടതി അറിയിച്ചെങ്കിലും അദ്ദേഹം ജാമ്യം വേണ്ടെന്ന് നിലപാടെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസും അഭിഭാഷകകരും ഉറ്റസുഹൃത്ത് മോയിന്‍ ബാപ്പുവും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

പണം കെട്ടിവെച്ച് ജാമ്യമെടുക്കുക എന്നാല്‍ കുറ്റം സമ്മതിക്കലിന് തുല്യമാണെന്നും താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നുമായിരുന്നു കോടതിക്ക് പുറത്തും അദ്ദേഹത്തിന്റെ നിലപാട്. വെടിവെച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അല്ലായെന്നുമായിരുന്നു അനുനയിപ്പിക്കാന്‍ ശ്രമിച്ചവരോട് അദ്ദേഹം പറഞ്ഞത്.

94 വയസ്സുള്ള ഗ്രോ വാസുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.ജയിലിലും നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി എത്തുന്നത്. പ്രായത്തെയും ആരോഗ്യസ്ഥിതിയെയും പരിഗണിച്ച് തിരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ അഭിഭാഷകരടക്കം ഇപ്പോഴും അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അദ്ദേഹമതിന് തയ്യാറായിട്ടില്ല. ഗ്രോ വാസു ഒപ്പിടാതെ തന്നെ ജാമ്യം ലഭിക്കാനുള്ള മാര്‍ഗങ്ങളങ്ങളുണ്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിന് തയ്യാറായിട്ടില്ല.

content highlights; Grow Vasu is speaking from Kozhikode Sub Jail

ജാസിം മൊയ്തീന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍