| Thursday, 2nd September 2021, 11:47 am

ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കുന്നു; ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനം വീതംവെക്കുന്ന രീതി ഇനി ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ.മുരളീധരന്‍ എം.പി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കുന്ന ഗ്രൂപ്പ് പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഗ്രൂപ്പുകള്‍ ഒരു രാത്രികൊണ്ട് അവസാനിക്കില്ല. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കടന്നുകൂടുന്നത് ഇനി നടക്കില്ല. ഇപ്പോള്‍ ഗ്രൂപ്പ് കളിക്കേണ്ട സമയമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനായി ഇന്നലെ രാത്രി നേതാക്കള്‍ കണ്ണൂരിലെത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും രാത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയില്‍ ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആലോചനകള്‍ രൂപപ്പെട്ടതായാണ് വിവരം.

ഡി.സി.സി പുനഃസംഘടനയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി നേതൃത്വം തന്നെ നേരിട്ട് ഇടപെടാനാണ് സാധ്യത.

തര്‍ക്കപരിഹാരത്തിന് സംഘടനാ തെരഞ്ഞെടുപ്പാണ് പോംവഴിയെന്ന് എ, ഐ ഗ്രൂപ്പുകള്‍ നിലപാട് എടുക്കുകയും ഹൈക്കമാന്റിനെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അനുനയം എന്നാണ് വിലയിരുത്തല്‍.

ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കടുത്ത നിലപാട് സ്വീകരിക്കാതിരിക്കാന്‍ മതിയായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം.

അനുനയ നീക്കങ്ങളുടെ ഭാഗമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകളെയും മുതിര്‍ന്ന നേതാക്കളെയും പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും ഔദ്യോഗിക വിഭാഗത്തിന് കെ.പി.സി.സി നല്‍കിയിട്ടുണ്ട്.

അതേസമയം ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കെ.പി.സി.സി പുന:സംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തും.

ഡി.സി.സി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക.

പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് നേരത്തെ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടയില്‍ മുതിര്‍ന്ന നേതാക്കള്‍ സംഘടനാ തെരഞ്ഞെടുപ്പ് കൂടി ആവശ്യപ്പെട്ടതോടെയാണ് കെ.പി.സി.സി നേതൃത്വം നിലപാട് മയപ്പെടുത്തിയത്.

Content Highlight: Groups In Congress K Muraleedharan Comment

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more