തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും കൂട്ട രാജിവെച്ചവരില്‍ ചിലരുടെ പരാതി പ്രകാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിന്ധു സൂര്യകുമാറിനെയും സി.എല്‍ തോമസിനെയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി. ഇതേത്തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ കൂട്ട രാജിവെച്ചൊഴിയുകയാണ്. ഇതുവരെ 12 പേര്‍ ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആയിരുന്ന ഉണ്ണി ബാലകൃഷ്ണന്‍, വാര്‍ത്താ അവതാരകരായ ഹര്‍ഷന്‍, ആരതി, മഞ്ജുഷ് ഗോപാല്‍, റിപ്പോര്‍ട്ടര്‍മാരായ ബിജു പങ്കജ്, മഹേഷ് ചന്ദ്രന്‍, ടി വി പ്രസാദ്, വിമല്‍ ജി നാഥ്, സനൂപ് ശശിധരന്‍, സന്ദീപ്, ഷുക്കൂര്‍ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ചവര്‍ മാതൃഭൂമി പുതുതായി ആരംഭിക്കുന്ന ടി.വി ചാനാലിലാണ് ചേരുന്നത്.
ബ്യൂറോകളില്‍ നിന്നുള്ള ദൈനംദിന വാര്‍ത്താ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിന്ധു സൂര്യകുമാറിനെ ഏല്‍പ്പിച്ചതിനാലാണ് രാജിവെച്ചത്. അവര്‍ ആ സ്ഥാനത്തു വന്നാല്‍ സ്വതന്ത്രമായി ജോലി ചെയ്യാനാവില്ല-രാജി വെച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചു. നാലു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ സീനിയോറിറ്റി ഉള്ള മാധ്യമപ്രവര്‍ത്തകരാണ് രാജിവെച്ചിരിക്കുന്നത്.
ചിലര്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് രാജിവെച്ചപ്പോള്‍, ഭൂരിഭാഗവും സിന്ധു സൂര്യകുമാര്‍, സി.എല്‍ തോമസ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ഇവരുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നും പരാതി പറഞ്ഞാണ് രാജിവെച്ചത്. രാജിക്കു കാരണമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഇതുവരെ അന്വേഷിക്കാതിരുന്ന മാനേജ്‌മെന്റ് ഇന്ന് യോഗം ചേരുകയും സിന്ധു സൂര്യകുമാറിനെയും സി.എല്‍ തോമസിനെയും തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കംചെയ്യുകയും ചെയ്തു. കറന്റ് അഫയേഴ്‌സിന്റെ ചുമതലകളിലേക്കാണ് ഇരുവരെയും മാറ്റി നിയമിച്ചിരിക്കുന്നത്.
കൂട്ടമായുള്ള കൊഴിഞ്ഞു പോക്ക് തടയാനും പുതിയ ആളുകളെ നിയമിക്കാനും ഏഷ്യാനെറ്റ് മാനേജ്‌മെന്റും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി മനോരമ ന്യൂസില്‍ നിന്ന് ഏഷ്യാനെറ്റിലെത്തിയ കെ.പി ജയദീപിനെ എക്‌സിക്യുട്ടീവ് എഡിറ്ററായും തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി.ജി സുരേഷ് കുമാറിനെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായും നിയമിച്ചിട്ടുണ്ട്.