national news
മണാലിയില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികളുടെ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 09:29 am
Saturday, 1st March 2025, 2:59 pm

കുളു: മണാലിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്.

119 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം രാത്രി കഴിഞ്ഞത് റോഡിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ മുതല്‍ കുളു ജില്ലയില്‍ ശക്തമായ മഞ്ഞിടിച്ചില്‍ ഉണ്ടായിരുന്നതായും പിന്നാലെ ഗതാഗതം സ്തംഭിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ സംഘം ഇന്നലെ രാത്രിയോടെ മടങ്ങാനിരിക്കവേയാണ് സംഭവം. മണാലി-ദല്‍ഹി ദേശീയ പാതയിലാണ് ശക്തമായ മഞ്ഞിടിച്ചിലുണ്ടായത്.

പിന്നാലെ രാത്രി മുഴുവന്‍ റോഡില്‍ വാഹനത്തില്‍ തന്നെ സംഘം കഴിയുകയായിരുന്നു. രാവിലെ വിദ്യാര്‍ത്ഥികളുടെ സംഘം തിരികെ പോയി മറ്റൊരിടത്ത് റൂമെടുക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരത്തോടെ റോഡില്‍ നിന്നും മഞ്ഞ് നീക്കുമെന്നും ഗതാഗതം പുനസ്ഥാപിക്കുമെന്നും കരുതുന്നതായാണ് വിവരം. ജെ.സി.ബി കൊണ്ടുവന്ന് മഞ്ഞ് നീക്കം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Group of Malayali students stuck in Manali due to snowfall