| Friday, 25th February 2022, 1:25 pm

വി.ഡി. സതീശന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം, അന്വേഷണത്തിന് ആളെ വിട്ട് കെ. സുധാകരന്‍; കാര്യം അറിഞ്ഞ് ചിതറിയോടി യോഗത്തില്‍ പങ്കെടുത്തവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ അതൃപ്തിയറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്‍ന്റോന്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്.

മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ശബരീനാഥ്, കെ.പി. ശ്രീകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കെ.സുധാകരന്‍ അനുകൂലികളുടെ മിന്നല്‍ പരിശോധന വി.ഡി. സതീശന്റെ വസതിയില്‍ നടന്നിരുന്നു. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് സുധാകരന്‍ ആളെവിട്ട് മിന്നല്‍ പരിശോധന നടത്തിയത്.

സതീശന്റെ സാന്നിധ്യത്തില്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്. ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം വസതിയില്‍ ഉണ്ടായിരുന്നത്.

സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ. സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. സതീശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ കെ.പി.സി.സി പരിശോധനാ സംഘം വരുന്നുണ്ടെന്ന കാര്യം അറിഞ്ഞ് ചിതറിയോടിയതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.

വിഷയം ചൂണ്ടിക്കാട്ടി ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ.പി.സി.സി നേതൃത്വമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം, വി.ഡി. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗമാണ് നടന്നതെന്ന് തോന്നുന്നില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. റെയ്ഡ് ചെയ്യാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഗ്രൂപ്പ് യോഗം ഗുണകരമല്ല. ഗ്രൂപ്പ് രഹിതമായ പാര്‍ട്ടിയാണ് ലക്ഷ്യമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് തലത്തിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. ആരും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Group meeting at V.D. Satheesan’s house

We use cookies to give you the best possible experience. Learn more