ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ചരിത്രം കുറിക്കാൻ പോകുന്നത് ഗ്രൂപ്പ് എച്ചിലെ പോരാട്ടമായിരിക്കുമെന്നതിൽ സംശയമില്ല.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും, ഉറുഗ്വേയും ഘാനയും സൗത്ത് കൊറിയയുമടങ്ങിയ ഗ്രൂപ്പ് എച്ചിൽ അരങ്ങേറാനിരിക്കുന്നത് പ്രതികാരങ്ങളുടെ പോരാട്ടമാണ്.
അതിൽ തന്നെ ശക്തമായ ഏറ്റുമുട്ടൽ നടക്കാനിരിക്കുന്നത് പോർച്ചുഗലും ഉറുഗ്വേയും തമ്മിലാണ്. 2018ലെ വേൾഡ് കപ്പ് റിവഞ്ച് തീർക്കാനാണ് പോർച്ചുഗൽ കളത്തിലിറങ്ങുക.
കഴിഞ്ഞ തവണ ഉറുഗ്വേയിൽ നിന്ന് കിട്ടിയ തിരിച്ചടിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പകരം വീട്ടാനുള്ള അവസരമാണ് പോർച്ചുഗലിന് ലഭിച്ചിരിക്കുന്നത്.
അതേസമയം 2010ലെ ലോകകപ്പിന്റെ പകയുമായാണ് ഘാനയും ഉറുഗ്വേയും ഏറ്റുമുട്ടുക. ക്വാർട്ടർ ഫൈനലിൽ അവസാനിപ്പിച്ചിടത്ത് നിന്നാകും ലൂയിസ് സുവാരിസും സംഘവും പോരാട്ടം തുടരുക.
2010ൽ മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ഉറുഗ്വേ 2014, 2018 ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിൽ തന്നെ എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.
റാങ്കിങ്ങിൽ 61ാം സ്ഥാനത്തുള്ള ഘാനയെ 2014ൽ പോർച്ചുഗൽ 2-1ന് തോൽപ്പിച്ചിരുന്നെങ്കിലും അതത്ര എളുപ്പമുള്ള മത്സരമായിരുന്നില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് പറഞ്ഞിട്ടുണ്ട്.
ശാരീരിക ശേഷിയും കഴിവുമുള്ള ടീമാണ് ഘാനയെന്നും കടുത്ത മത്സരമായിരിക്കും ഖത്തർ ലോകകപ്പിൽ നടക്കാൻ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ദക്ഷിണ കൊറിയക്കാകട്ടെ 2018 ലോകകപ്പിൽ ശക്തമായ പോരാട്ടം നടത്തിയ ചരിത്രവുമുണ്ട്. പൂർവാധികം കരുത്തരായിട്ടാണ് ഇത്തവണയും കൊറിയ ലോകകപ്പിനിറങ്ങുന്നത്. പ്രതികാര ദാഹികളായ ഗ്രൂപ്പ് എച്ച് ടീമുകളുടെ ഏറ്റുമുട്ടലിനായി ദിവസമെണ്ണി കാത്തിരിക്കുകയാണ് ആരാധകർ.
നവംബർ 24ന് സൗത്ത് കൊറിയയും ഉറുഗ്വേയും തമ്മിൽ ഏറ്റുമുട്ടുന്ന അന്ന് തന്നെയാണ് പോർച്ചുഗൽ ഘാനയെ നേരിടും. നവംബർ 28നാണ് ഘാനയും ഉറുഗ്വേയും, കൊറിയയും പോർച്ചുഗലും ഏറ്റുമുട്ടുക.
Content Highlights: Group H is for ‘revenge matches’ in Qatar world cup