| Friday, 25th November 2022, 5:14 pm

വമ്പന്മാര്‍ വീഴുമോ? റൊണാള്‍ഡോ, സുവാരസ് എന്നിവരുടെ വഴിമുടക്കുന്ന മരണഗ്രൂപ്പായി ഗ്രൂപ്പ് എച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രവചനങ്ങള്‍ക്ക് അപ്പുറമുള്ള കാഴ്ചകള്‍ ഇതിനകം തന്നെ ധാരാളം കണ്ട് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലേക്ക് കൂടുതല്‍ അനിശ്ചിതത്വം
സൃഷ്ടിക്കാനുള്ള പുതിയ സാധ്യതകള്‍ തുറന്നിടുകയാണ് ഗ്രൂപ്പ് എച്ച്.

വമ്പന്മാരായ പോര്‍ച്ചുഗലിനും, ഉറുഗ്വേക്കും പുറമേ അട്ടിമറികള്‍ ശീലമാക്കിയ ഏഷ്യന്‍ ശക്തിയായ ദക്ഷിണ കൊറിയയും.

ആദ്യ മത്സരത്തില്‍ തന്നെ പോര്‍ച്ചുഗലിനോട് പൊരുതിത്തോറ്റ ആഫ്രിക്കന്‍ കരുത്തര്‍ ഘാനയും കൂടി എത്തിച്ചേരുമ്പോള്‍
പ്രവചനങ്ങള്‍ക്ക് അപ്പുറമാകും ഗ്രൂപ്പ് എച്ചിലെ പോരാട്ടങ്ങള്‍.

ഗ്രൂപ്പിലെ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കുമ്പോള്‍ ഘാനക്കെതിരെ കഷ്ടപ്പെട്ട് നേടിയ വിജയത്തോടെ മൂന്ന്
പോയിന്റുകള്‍ കരസ്ഥമാക്കി ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ പറങ്കിപടക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കില്‍ പോര്‍ച്ചുഗല്‍ അവരുടെ ടീം ഗെയിം ഇനിയും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, ബെര്‍ണാഡോ സില്‍വ,  ബ്രൂണോ ഫെര്‍ണാണ്ടസ്,  ന്യൂനോ മെന്‍ഡസ്,  ഡിയാഗോ ദാലോട്ട്
തുടങ്ങി പ്രതിഭാധനരായ താരങ്ങള്‍ ടീമിലുണ്ടെങ്കിലും വ്യക്തിഗത മികവുകള്‍ക്കപ്പുറം എണ്ണയിട്ട യന്ത്രം പോലെ ഒരു ടീമായി
കൂടുതല്‍ സഹകരണത്തോടെ കളിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ അത്ഭുതം കാണിക്കാന്‍ പോര്‍ച്ചുഗലിന് സാധിക്കൂ.

ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വേക്ക് തങ്ങളുടെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചെത്താന്‍ ഒരു മേജര്‍ കിരീടം ഉടന്‍
സ്വന്തമാക്കേണ്ടതുണ്ട്.

അവസാനമായി 1950ല്‍ ഫുട്‌ബോള്‍ ലോകകപ്പും 2011ല്‍ കോപ്പ അമേരിക്കയും നേടിയ ടീം തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലായ
അവസ്ഥയാണ് നിലവിലുള്ളത്.

ലൂയിസ് സുവാരസ്, ഡാര്‍വിന്‍ ന്യുനസ്, എഡിസണ്‍ കവാനി തുടങ്ങി വമ്പന്‍ താരനിര ഇപ്പോഴും സ്വന്തമായുള്ള ടീമിന്
ദക്ഷിണ കൊറിയയോട് കടലാസിലുള്ള തങ്ങളുടെ കരുത്ത് പക്ഷെ പ്രകടിപ്പിക്കാനായില്ല.

ആകെ ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമേ കൊറിയൻ ഗോള്‍ മുഖത്തേക്ക് ഉറുഗ്വേക്ക് തൊടുക്കാന്‍ സാധിച്ചുള്ളൂ. കളിക്കളത്തിന് അകത്തും
പുറത്തും കൃത്യമായ കണക്കുകൂട്ടലുകളോടെ കളി മെനയാന്‍ സാധിച്ചില്ലെങ്കില്‍ പോര്‍ച്ചുഗല്‍,ഘാന എന്നിവര്‍ ഉറുഗ്വേയുടെ ലോകകപ്പ്
പ്രതീക്ഷകള്‍ അസ്തമിപ്പിക്കും.

വമ്പന്‍ ടീമുകളുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിപ്പിക്കുന്നവര്‍ എന്ന നിലയില്‍ നിന്നും മികച്ച മത്സരം കാഴ്ചവെക്കാന്‍ ശേഷിയുള്ളവര്‍
എന്ന നിലയിലേക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ കഴിയുന്ന ശക്തിയായി ദക്ഷിണ കൊറിയ പരുവപ്പെട്ടിട്ടുണ്ട്.

2018ല്‍ ജര്‍മനിയെ തകര്‍ത്തുകൊണ്ട് തങ്ങളുടെ കരുത്ത് ലോക ഫുട്‌ബോളിന് കാട്ടിക്കൊടുത്ത കൊറിയ ആദ്യ മത്സരത്തില്‍ ഉറുഗ്വേയോട്
സമനില വഴങ്ങിയെങ്കിലും ഇനിയും അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള ശേഷിയുണ്ട്.
ടോട്ടനത്തിന്റെ സൂപ്പര്‍ താരം സണ്‍ ഹ്യുന്‍ മിങ് അടക്കം യൂറോപ്പിലെ വിവിധ ടോപ് ലീഗുകളില്‍ കളിക്കുന്ന മികച്ച സ്‌ക്വാഡ് ഡെപ്ത് ഉള്ള
കൊറിയ ഈ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണ്.

ഘാനയാണ് ഗ്രൂപ്പ് എച്ചിലെ മറ്റൊരു വമ്പന്മാര്‍. പോര്‍ച്ചുഗലിനോട് തോറ്റ് പോയിന്റ് നഷ്ടപെടുത്തേണ്ടി വന്നെങ്കിലും അവസാന നിമിഷം വരെ
പറങ്കി പടയെ വിറപ്പിച്ചായിരുന്നു ആഫ്രിക്കന്‍ കരുത്തരായ ഘാന പരാജയം സമ്മതിച്ചത്.കളിയുടെ അവസാന നിമിഷം വരെ
ആത്മവിശ്വാസത്തോടെ കളിക്കാന്‍ ശേഷിയുള്ള ഘാനക്ക് കൊറിയ, ഉറുഗ്വേ എന്നിവരെ മറികടക്കുക അസംഭവ്യമൊന്നുമല്ല.

ശക്തരായ ടീമുകള്‍ ഒരുമിച്ചു വന്നതോടെ ഗ്രൂപ്പ് എച്ചില്‍ കടുത്ത പോരാട്ടങ്ങള്‍ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. റൊണാള്‍ഡോ,
സുവാരസ്,സണ്‍ ഹ്യുന്‍ മിങ് എന്നിവര്‍ ഒരുമിച്ച് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഖത്തറിന്റെ മൈതാനങ്ങളില്‍ ഉണ്ടാകില്ല എന്നുറപ്പാണ്.

Content Highlights: Group h became a death group for fifa worldcup

We use cookies to give you the best possible experience. Learn more