തിരുവനന്തപ്പുരം: ഏഷ്യാനെറ്റ് ന്യൂസിലെ കൂട്ടരാജിക്കു പിന്നാലെ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടി.വിയിലും മാധ്യമപ്രവര്‍ത്തകര്‍ കൂട്ടരാജിയിലേക്ക്. ജയ്ഹിന്ദിലെ സി.ഇ.ഒ ആയ കെ.പി മോഹനന്റെയും എക്‌സിക്യൂട്ടീവ് എഡിറ്ററായി ജെ.എ സിന്ധുകുമാറിന്റെയും പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചു പേര്‍ ജയ്ഹിന്ദില്‍ നിന്നും രാജിവെച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിലായി 21 പേര്‍ ജയ്ഹിന്ദില്‍ നിന്നും രാജിവെക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നില്ല, വാര്‍ത്തകളില്‍ ആവശ്യമില്ലാത്ത കൈകടത്തില്‍ നടത്തുന്നു തുടങ്ങിയവയാണ് രാജിവെച്ച് പോകുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. കോണ്‍ഗ്രസിനില്ലാത്ത ബലംപിടുത്തമാണ് വാര്‍ത്തകളുടെ കാര്യത്തില്‍ സി.ഇ.ഓക്കും എക്‌സിക്യുട്ടീവ് എഡിറ്റര്‍ക്കുമുള്ളത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
ഇതിനോടകം രാജിവെച്ചു കഴിഞ്ഞ അഞ്ചു പേരില്‍ നാലു പേരും സി.ഇ.ഒ യോടും എക്‌സിക്യുട്ടീവ് എഡിറ്ററോടും പറയാതെയാണ് രാജിവെച്ചത്. ചാനല്‍ എം.ഡിയായ എം.എം ഹസ്സനാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്.
രാജിവെച്ചു മറ്റു മാധ്യമ സ്ഥാപനങ്ങളിലേക്ക് പോകുന്നതില്‍ 9 പേര്‍ ബ്യൂറോകളിലും 12 പേര്‍ ഡെസ്‌കിലുമുള്ളവരാണ്. ഇവര്‍ പോയാല്‍ ടെലികാസ്റ്റിംഗ് നിര്‍ത്തി വെക്കേണ്ട സാഹചര്യമാണത്രെ. അതിനാല്‍, നാളെ ചാനല്‍ അധികൃതര്‍ അടിയന്തിര മീറ്റിംഗ് ചേരുന്നുണ്ട്.
രാജിവെച്ച് പോകുന്നവരില്‍ ഭൂരിഭാഗവും ഇപ്പോഴത്തേതിലും താഴ്ന്ന തസ്തികകളിലേക്കാണ് പോകുന്നത് എന്ന വസ്തുത എത്രത്തോളം മനംമടുത്തിട്ടാണ് ഇവര്‍ ജയ്ഹിന്ദ് വിടുന്നത് എന്നത് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റില്‍ കൂട്ടരാജി; സിന്ധു സൂര്യകുമാറിനെയും സി.എല്‍ തോമസിനെയും മാറ്റി