| Thursday, 1st December 2022, 3:50 pm

സ്പെയ്നും, ജർമനിയും ലോകകപ്പിൽ നിന്ന് പുറത്തേക്കോ? ആശങ്ക അവസാനിക്കാതെ ഗ്രൂപ്പ്‌ ഇ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രവചനങ്ങൾക്കും കണക്ക്കൂട്ടലുകൾക്കും അപ്പുറം അനശ്ചിതത്വം തുടർക്കഥയാകുന്ന ഖത്തറിന്റെ മൈതാനങ്ങളിൽ മറ്റൊരു സൂപ്പർ പോരാട്ടം കൂടി. സ്പെയ്നും ജർമനിയും പാട്ടുംപാടി ജയിച്ചു കയറും എന്ന് കളി തുടങ്ങും മുമ്പേ പ്രവചിക്കപ്പെട്ട ഗ്രൂപ്പ്‌ ഇ യിൽ പ്രവചനങ്ങൾക്കും അപ്പുറമാണ് യാഥാർഥ്യം.

ഗ്രൂപ്പ്‌ ഇയിലെ എല്ലാ ടീമുകളും രണ്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കുമ്പോൾ സ്പെയ്ൻ, ജപ്പാൻ, കോസ്റ്ററിക്ക, ജർമനി തുടങ്ങി നാല് ടീമുകൾക്കും റൗണ്ട് ഓഫ് സിക്സ്റ്റീൻ പ്രതീക്ഷകൾ ഉണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റ് നേടിയ സ്പെയിനാണ് ഗ്രൂപ്പിൽ ഒന്നാമത്.രണ്ട് കളികളിൽ നിന്നും ഒരു തോൽവിയും ഒരു സമനിലയുമായി ജർമനി അവസാന സ്ഥാനക്കാരാണ്.

അടുത്ത മത്സരം ജയിക്കുന്ന ആർക്കും ഗ്രൂപ്പ്‌ ഘട്ടം കടക്കാം എന്ന അവസ്ഥയിൽ ജീവൻമരണ പോരാട്ടത്തിൽ കവിഞ്ഞതൊന്നും ഗ്രൂപ്പ്‌ ഇയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.വമ്പമാരായി എത്തി ജപ്പാന് മുന്നിൽ കാലിടറിയതോടെയാണ് ജർമനിയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേറ്റത്. നന്നായി കളിക്കുകയും അവസരങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്തിട്ടും കിട്ടിയ അവസരങ്ങൾ ഫിനിഷ് ചെയ്യാൻ പറ്റാതിരുന്നതാണ് ജർമനിക്ക് ഏറ്റ പരാജയത്തിന് കാരണം.

മറുവശത്ത് ജപ്പാൻ ആർത്തുലച്ചു വരുന്ന ജർമൻ പ്രതിരോധത്തെ പിടിച്ച് നിർത്തുകയും കിട്ടിയ അവസരം ഗോൾ ആക്കി മാറ്റുകയും ചെയ്തു. ജർമനിയുടെ രണ്ടാം മത്സരം മറ്റൊരു യൂറോപ്യൻ വമ്പമാരായ സ്പെയ്നെതിരെ ആയിരുന്നു ഇരു ടീമുകളും നന്നായി കളിച്ച മത്സരം സമനിലയിൽ അവസാനിച്ചു.ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് തകർത്ത് മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയിട്ടായിരുന്നു സ്പെയിൻ ജർമനിയോട് സമനില വഴങ്ങിയത്.

ജർമനിയെ തകർത്ത് ഏഷ്യൻ കരുത്തുമായി പ്രീ ക്വാർട്ടർ പ്രതീക്ഷിച്ചെത്തിയ ജപ്പാന് പക്ഷെ ആദ്യ മത്സരത്തിൽ സ്പെയ്നോട് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന കോസ്റ്ററിക്കയോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇരു ടീമിലെയും ഡിഫൻഡർമാർ കളംവാണ മത്സരത്തിൽ ജപ്പാന്റെ ഗോൾ മുഖത്തേക്ക് തൊടുക്കാൻ സാധിച്ച ഒരേയൊരു ഓൺ ടാർഗറ്റ് ഷോട്ട് ഗോളാക്കാൻ സാധിച്ചതോടെയാണ് കോസ്റ്ററിക്കക്കും ലോകകപ്പിൽ റൗണ്ട് ഓഫ് സിക്സ്റ്റീൻ പ്രതീക്ഷകൾ നിലനിർത്താൻ സാധിച്ചത്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജപ്പാൻ സ്പെയ്നെയും ജർമനി കോസ്റ്ററിക്കയെയുമാണ് നേരിടുന്നത്.നിലവിൽ നാല് പോയിന്റ് കൈവശമുള്ള സ്പെയ്ന് ജപ്പാനെ സമനിലയിൽ തളച്ചാൽ പോലും പ്രീ ക്വാർട്ടർ ഉറപ്പിക്കാനാകും. മത്സരം സമനിലയിൽ അവസാനിച്ചാൽ ഗോൾ ശരാശരി അടിസ്ഥാനമാക്കി ജപ്പാനും പ്രീ ക്വാർട്ടർ പ്രതീക്ഷകൾ വെച്ച് പുലർത്താം.

കോസ്റ്ററിക്കയെ മികച്ച ഗോൾ വ്യത്യാസത്തിൽ തോൽപ്പിക്കാനായാൽ ആദ്യ വിജയം കൊണ്ട് തന്നെ ജർമനിക്ക് റൗണ്ട് ഓഫ് സിക്സ്റ്റീൻ ഉറപ്പിക്കാം. എന്നാൽ സമനിലയോ പരാജയമോ ജർമനിക്ക് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കും. ഒരു മത്സരം വിജയിച്ച് നിൽക്കുന്ന കോസ്റ്ററിക്കക്ക് ജർമനിയെ ആട്ടിമറിക്കാനായാൽ ഗ്രൂപ്പ്‌ ഘട്ടം മറികടക്കാൻ സാധിക്കും. മത്സരം സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ ഗോൾ ശരാശരിയാകും കോസ്റ്ററിക്കയുടെ ലോകകപ്പ് ഭാവി തീരുമാനിക്കുക.

Content highlights:group b became death group spain and germany faces eliminaion

We use cookies to give you the best possible experience. Learn more