Sports News
കയ്യടി മുഴുവന്‍ 'കട്ടെടുത്ത്' ഗ്രൗണ്ട് സ്റ്റാഫ്, ആ പടുകൂറ്റന്‍ സിക്‌സറിനും റെക്കോഡിനും ഒരു വിലയും ഇല്ലേ? വീഡിയോ
ദി ഹണ്‍ഡ്രഡിന്റെ ഫൈനലില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സും മാഞ്ചസ്റ്റര്‍ ഒറിജിനല്‍സുമാണ് ഏറ്റമുട്ടിയിരുന്നത്. ആവേശകരമായ മത്സരത്തില്‍ ഒറിജിനല്‍സിനെ 14 റണ്‍സിന് പരാജയപ്പെടുത്തി ഇന്‍വിന്‍സിബിള്‍സ് കിരീടം നേടുകയായിരുന്നു. ഓവല്‍ ആദ്യം ബാറ്റ് ചെയ്ത് 161 റണ്‍സടിച്ചപ്പോള്‍ മാഞ്ചസ്റ്ററിന് 147 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഓവല്‍ ഇന്നിങ്‌സിലെ അവസാന പന്തിലെ സിക്‌സറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സമാന്‍ ഖാന്‍ എറിഞ്ഞ അവസാന ഡെലിവെറി ടോം കറന്‍ സിക്‌സറിന് തൂക്കുകയായിരുന്നു. കറന്റെ ആ ഷോട്ടിന് പിന്നാലെയാണ് ഇന്‍വിന്‍സിബിള്‍സ് 161ലേക്കുയര്‍ന്നത്.
ആറാം വിക്കറ്റിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്, ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് തുടങ്ങി പല റെക്കോഡുകള്‍ കുറിച്ച ഷോട്ടായിരുന്നു അത്. എന്നാല്‍ ആ ഷോട്ടിനേക്കാളേറെ ചര്‍ച്ചയാകുന്നത് ഒരു ഗ്രൗണ്ട് സ്റ്റാഫിന്റെ പ്രകടനമാണ്.
ബൗണ്ടറി റോപ് ക്ലിയര്‍ ചെയ്ത പന്ത് ഇപ്പുറം നിന്ന ഗ്രൗണ്ട് സ്റ്റാഫ് കിടിലന്‍ ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആയാള്‍ ഈ ക്യാച്ച് നേടിയതോടെ സ്‌റ്റേഡിയമൊന്നാകെ കയ്യടിച്ചു. എന്നാല്‍ മറ്റ് ഗ്രൗണ്ട് സ്റ്റാഫുകളുമെത്തി ആ ക്യാച്ച് ആഘോഷമാക്കുകയായിരുന്നു. ദേര്‍ ഈസ് നോ ടുമോറോ എന്ന തരത്തിലായിരുന്നു അവരുടെ ആഘോഷം.
ഇത് കണ്ട കമന്റേറ്റര്‍മാര്‍ പോലും ആവേശത്തിലായിരുന്നു. ബാറ്റര്‍മാരെ, നിങ്ങളുടെ റെക്കോഡുകളൊന്നും അവര്‍ ശ്രദ്ധിക്കുന്നുപോലുമില്ല, അവര്‍ ആ ക്യാച്ച് ആഘോഷമാക്കുകയാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്.
അതേസമയം, ആറാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ് ഇന്‍വിന്‍സിബിള്‍സിന് വിജയം നേടിക്കൊടുത്തത്. ഓപ്പണര്‍ ജേസണ്‍ റോയ് ബ്രോണ്‍സ് ഡക്കായി പുറത്തായപ്പോള്‍ സാം കറന്‍ ഗോള്‍ഡന്‍ ഡക്കായും പോള്‍ സ്‌റ്റെര്‍ലിങ് അഞ്ച് റണ്‍സിനും പുറത്തായി. ഒരുവേള 35ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്‍വിന്‍സിബിള്‍സിനെ ജിമ്മി നീഷവും ടോം കറനും ചേര്‍ന്നാണ് താങ്ങി നിര്‍ത്തിയത്.
നീഷം 33 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 57 റണ്‍സ് നേടിയപ്പോള്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 34 പന്തില്‍ 67 റണ്‍സായിരുന്നു ടോം കറന്‍ അടിച്ചുകൂട്ടിയത്.
ഒടുവില്‍ നിശ്ചിത പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓവല്‍ 161 റണ്‍സ് നേടി.
എലിമിനേറ്റര്‍ മത്സരത്തില്‍ ആവര്‍ത്തിച്ച ഡോമിനന്‍സ് ഫൈനലില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ ജോസ് ബട്‌ലറും സംഘവും പരുങ്ങലിലായി. എലിമിനേറ്ററില്‍ ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചെയ്‌സിന്റെ റെക്കോഡ് നേടിയ മാഞ്ചസ്റ്റര്‍ ഫൈനലില്‍ പതറുകയായിരുന്നു.
ബട്‌ലര്‍ 15 പന്തില്‍ 11ന് പുറത്തായി. 25 പന്തില്‍ 37 റണ്‍സ് നേടിയ മാക്‌സ് ഹോള്‍ഡണാണ് ടോപ് സ്‌കോറര്‍. 16 പന്തില്‍ 25 റണ്‍സുമായി ഓപ്പണര്‍ ഫില്‍ സോള്‍ട്ടും 19 പന്തില്‍ 28 റണ്‍സുമായി ജെയ്മി ഓവര്‍ട്ടണും പൊരുതിയെങ്കിലും വിജയിക്കാനായില്ല.
ഒടുവില്‍ നിശ്ചിത പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് ഒറിജിനല്‍സ് പോരാട്ടം അവസാനിപ്പിച്ചു.
Content highlight: Groundmen’s catch goes viral