'ഇത് കൊള്ളാലോ പുതിയ ടെക്‌നിക്ക്'; പിച്ച് ഉണക്കാന്‍ പുതിയ രീതികള്‍ പരീക്ഷിച്ച് ലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫ്
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം മാറ്റിവെച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 24.1 ഓവറില്‍ 147/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്. മഴ ഇടക്കിടെ മാറിയെങ്കിലും പൂര്‍ണമായി മാറാതിരുന്നതും ഗ്രൗണ്ടിലെ വെള്ളം പോകാതിരുന്നതും മത്സരം നടത്തുന്നതിന് വിനയായി.
ഇതോടെ ഇന്ന് നടന്നതിന്റെ ബാക്കിയായി റിസര്‍വ് ഡേയായ നാളെ നടക്കും. നാളെയും മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.
ഗ്രൗണ്ട് സജ്ജീകരിക്കാന്‍ അമ്പയര്‍മാരും ഗ്രൗണ്ട് സ്റ്റാഫും ആവുന്നത് പോലെ പരിശ്രമിക്കുന്നുണ്ടായിരുന്നു. പുതിയ ടെക്‌നിക്കുകളും ഐഡിയകളും ഗ്രൗണ്ട് ശരിയാക്കാനായി അവര്‍ ഉപയോഗിച്ചു. മഴ കുറഞ്ഞപ്പോള്‍ ഇവര്‍ ഗ്രൗണ്ട് പെട്ടെന്ന് ഉണക്കാനായി കുറച്ച് ഇലക്ട്രോണിക്ക് ഫാനുകള്‍ കൊണ്ടുവരികയായിരുന്നു.
ആരാധകരിലും ക്രിക്കറ്റ് ലോകത്തും കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു ഇത്. ഇതിന് മുമ്പ് ഗ്രൗണ്ട് ഉണക്കാനായി ഇതുപോലെ ചെയ്തിട്ടില്ലായിരുന്നു. മുമ്പ് ഐ.പി.എല്ലില്‍ മഴ പെയ്തപ്പോള്‍ പിച്ച് ഉണക്കാനായി ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചത് ഒരുപാട് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഫാന്‍ ഉപയോഗിച്ചതാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
അതേസമയം ഇന്ത്യക്കായി മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.
49 പന്തില്‍ ആറ് ഫോറും നാല് സിക്‌സറുമടിച്ച് 56 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ സ്‌പെല്ലില്‍ നസീം ഷാക്കെതിരെ ഒന്ന് പതറിയെങ്കിലും പിന്നീട് രോഹിത് കത്തികയറുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗില്‍ 52 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. 10 ഫോറാണ് ഗില്ലിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പാക് പേസ് കുന്തമുനയായ ഷഹീന്‍ അഫ്രിദിയെ താരം കണക്കിന് പ്രഹരിച്ചിരുന്നു.
മഴ എത്തുമ്പോള്‍ എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയും 17 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍. പാകിസ്ഥാനായി ഷദാബ് ഖാനും ഷഹീന്‍ അഫ്രിദിയും ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: Ground Staff And Umpires Uses New Technic to Dry the Pitch In India Vs Pakistan Match