സന: ഏദന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെമനിലെ ഹൂത്തി സംഘം. ഗ്രോട്ടണ്‍ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്റെ ആക്രമണം ഏറ്റെടുക്കുന്നുവെന്ന് ഹൂത്തി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞു.
ഫലസ്തിനെയും ഹമാസിനെയും പിന്തുണച്ചുകൊണ്ടാണ് ഗ്രോട്ടണ്‍ കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് ഹൂത്തി സംഘം പറയുന്നത്.
‘ഫലസ്തീനികള്‍ക്കും ഹമാസിനുമുള്ള പിന്തുണയ്ക്ക് വേണ്ടി ഇസ്രഈലുമായി ബന്ധമുള്ള ഗ്രോട്ടണ്‍ കമ്പനിയെ ആക്രമിക്കുന്നതിന് സൈനിക ഓപ്പറേഷന്‍ നടത്തി,’ ഹൂത്തി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞതായി അല്‍ മസിറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കപ്പലിനെ ആക്രമിക്കാന്‍ മിസൈലുകളും ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
ആഗസ്റ്റ് മൂന്നിന് ഉള്‍പ്പെടെ രണ്ടാം തവണയാണ് കപ്പലിനെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതെന്നും ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാവുമെന്നും സരിയ പറഞ്ഞു.
യെമനിലെ തെക്കന്‍ തുറമുഖനഗരമായ ഏദനില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്നാണ് ചരക്ക് കപ്പലിന് ആക്രമണമുണ്ടായതെന്ന വിവരം ലഭിച്ചെന്നാണ് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തില്‍ കപ്പലിന് സമീപം രണ്ട് മിസൈലുകള്‍ പൊട്ടിത്തെറിച്ചുവെന്നും കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലുമുള്ള ഇസ്രഈലി ലിങ്ക്ഡ് ചരക്ക് കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടുള്ളതായും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.
വടക്കന്‍ യെമനിന്റെ ഭൂരിഭാഗവും 2014 മുതല്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്.
Content Highlight: groton ship attack; houthi group claimed responsibility