ന്യൂദല്‍ഹി: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യതലസ്ഥാനത്തും പ്രതിഷേധം ശക്തമാകുന്നു. ജന്തര്‍മന്ദറില്‍ നൂറ് കണക്കിനാളുകളാണ് പ്രതിഷേധ സൂചകമായി ഒത്തുചേര്‍ന്നത്.
വാത്മീകി ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഈ രാജ്യത്തെ ഓരോ സ്ത്രീയും ഹാത്രാസ് പെണ്‍കുട്ടിക്ക് വേണ്ടിയും, അവളുടെ കുടുംബത്തിന് സംഭവിച്ച അനീതിക്കെതിരെയും ശബ്ദമുയര്‍ത്തണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
”സര്‍ക്കാര്‍ അവളുടെ കുടുംബത്തെ സഹായിച്ചിട്ടില്ല. അവരെ ഒറ്റപ്പെടുത്തുകയാണ്. വാത്മീകി കമ്മ്യൂണിറ്റി പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു എന്നറിഞ്ഞതിനാലാണ് ഞാനിവിടെ എത്തിയത്. എല്ലാവരും അവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തീര്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ സഹോദരിക്ക് നീതി ലഭിക്കുക തന്നെ വേണം പ്രിയങ്ക പറഞ്ഞു.
ഹിന്ദു ആചാരപ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഹാത്രാസ് സംഭവത്തില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നിരവധി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ജന്തര്‍മന്ദറില്‍ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹാത്രാസ് ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദി തുടരുന്ന മൗനത്തിനെതിരെയും ചന്ദ്രശേഖര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ഇന്ത്യാഗേറ്റിന് മുന്നില്‍ ഒത്തുകൂടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹാത്രാസ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആം ആദ്മി ആവശ്യപ്പെടുന്നത്.
ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്നും ദളിത് പ്രശ്നമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള പൊലീസിന്റെ വാദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
കുടുംബാംഗങ്ങളുടെ അനുവാദമില്ലാതെ ബലമായി പൊലീസ് മൃതദേഹം സംസ്‌ക്കരിച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചുിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായെത്തിയ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍ എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണെന്ന് പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gross injustice being done to Hathras victim’s family: Priyanka Gandhi