national news
വിവാഹത്തിനിടെ അധിക 'സ്ത്രീധനം' ആവശ്യപ്പെട്ടു; പന്തലില്‍ വെച്ച് വരന് മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 19, 04:25 am
Sunday, 19th December 2021, 9:55 am

ലഖ്‌നൗ: സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം.

വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം ചെയ്തതായും ആരോപണമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് വിവാഹ ചടങ്ങുകള്‍ നടന്നതും സംഘര്‍ഷത്തില്‍ എത്തിയതും.

വിവാഹം കഴിക്കാന്‍ വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിക്കുകയും പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാവുന്നത്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തര്‍ക്കത്തിലാവുകയും അടി നടക്കുകയും ചെയ്തു.

വിവാഹവേഷത്തില്‍ നില്‍ക്കുന്ന വരനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാണ്. ബന്ധുവായ ഒരു സ്ത്രീയാണ് വരനെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ചത്. വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാര്‍ വരന് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വരന്റെ പിതാവ് പത്ത് ലക്ഷം രൂപ കൂടെ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Groom thrashed in Sahibabad for demanding Rs 10 lakh in dowry, marrying several times; video goes viral