കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ (എ.വാസു) മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നു, മാര്‍ഗതടസം സൃഷ്ടിച്ചു എന്നാണ് കേസ്.
കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല.
ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് എല്‍.പി വാറണ്ട് നിലവിലുണ്ടായിരുന്നു. അതേസമയം പിഴ അടക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പൊലീസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
തനിക്ക് സ്റ്റേഷന്‍ ജാമ്യം ആവശ്യമില്ലെന്നും കേസ് നിരുപാധികം പിന്‍വലിക്കണമെന്നും വാസു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 10,000 രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം ഗ്രോ വാസുവിന്റെ അറസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുണ്ട്. 2016 ല്‍ നിലമ്പൂര്‍ ഏററുമുട്ടല്‍ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനും അനുശോചനം രേഖപ്പെടുത്തിയതിനുമാണ് വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം.
content highlights: Gro Vasu was taken into custody; 14 days in remand