| Sunday, 10th March 2019, 9:45 am

ഇത് വെടികൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല: സി.പി ജലീലിന്റെ കൊലപാതകത്തില്‍ ഗ്രോ വാസു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെടികൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല മാവോയിസ്റ്റ് പ്രശ്‌നമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. യഥാര്‍ത്ഥത്തില്‍ വളര്‍ന്നുവന്ന വിവേചനങ്ങള്‍ പരിഹരിച്ച് മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം പത്രത്തിലെ ലേഖനത്തിലൂടെയാണ് ഗ്രോ വാസു ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണകൂടത്തിന്റെ മര്‍ദനോപാധികളെല്ലാം മാവോയിസ്റ്റുകള്‍ക്കെതിരെ പ്രയോഗിക്കുമ്പോഴും ഇവരില്‍ ഓരോരുത്തരെ നിശബ്ദരാക്കുമ്പോഴും ഇവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായി നില്‍ക്കുന്നു. അത് ഏറ്റെടുക്കാന്‍ പുതിയ യുവത്വം മുന്നോട്ടു വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് വെടികൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നാണ് ഗ്രോ വാസു വിശദീകരിക്കുന്നത്.

“ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കാലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോവാദിയാണ് ജലീല്‍. മറ്റൊരു ലോകം സ്വപ്‌നം കണ്ട് സുന്ദരമായ ജീവിതം ഉപേക്ഷിച്ച് സായുധമാര്‍ഗത്തിലേക്ക് നീങ്ങുന്നവരുടെ ലക്ഷ്യം സമത്വമുള്ള ജീവിതം മാത്രമാണ്. അവരുടെ കയ്യില്‍ നല്ലൊരു മുദ്രാവാക്യം മാത്രമേയുള്ളൂ” അദ്ദേഹം പറയുന്നു.

Also read:ബംഗാളില്‍ രണ്ട് സി.പി.ഐ.എം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല

മാവോയിസ്റ്റ് സി.പി ജലീലിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ള ഒന്നാണെന്ന ആരോപണവും അദ്ദേഹം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ” വയനാട് ആര് ആദ്യം വെടിവെച്ചു? നിലമ്പൂരില്‍ ആദ്യം ആര് വെടിവെച്ചു എന്നൊക്കെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. നിലമ്പൂരില്‍ കുപ്പുദേവരാജിനെയും അജിതയേയും പിടികൂടി വെടിവെച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. രോഗികളായിരുന്നു അവര്‍. ചികിത്സിക്കാന്‍ പറ്റുമോ എന്നു നോക്കുന്ന സാഹചര്യത്തിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ബാലിസ്റ്റിക് വിദഗ്ധര്‍ വന്നിട്ട് പരിശോധിക്കാന്‍ പോലും ഇവിടെ ഭരിക്കുന്നവര്‍ അനുവദിച്ചില്ല. അതുപോലെയുള്ള നുണയാണ് വൈത്തിരിയിലെ സംഭവമെന്നും ഞങ്ങളാദ്യം തന്നെ പറഞ്ഞിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തുറന്നുപറച്ചിലുകള്‍ ഞങ്ങളുടെ നിഗമനമാണ് ശരിയെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ അരക്ക് താഴെ വെടിവെച്ച് പിടികൂടുകയല്ലേ വേണ്ടത്? ഇവിടത്തേതൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറല്ലേ?” അദ്ദേഹം ചോദിക്കുന്നു.

ശത്രുരാജ്യക്കാരോട് പെരുമാറുന്നതുപോലെ മാവോവാദികളോട് പെരുമാറരുതെന്ന് കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണി പറഞ്ഞതുപോലും ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാനിക്കുന്നില്ല. മാര്‍ക്‌സിസം പൊക്കിപ്പിടിച്ചതുകൊണ്ട് കാര്യമില്ല. മാര്‍ക്‌സിസത്തിന്റെ അന്തസ്സത്ത മനുഷ്യത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more