കോഴിക്കോട്: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഐ.ജി ലക്ഷ്മണയെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനത്തെ എതിര്‍ക്കില്ലെന്ന് ഗ്രോ വാസു.
കമ്മ്യൂണിസ്റ്റ്കാരനായ താന്‍ പ്രതികാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും വാസു പറഞ്ഞു. വയോധികരായ തടവുപുള്ളികളുടെ പട്ടികയില്‍പെടുത്തി ലക്ഷ്മണയെ ജയില്‍മോചിതനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[]
കമ്മ്യൂണിസ്റ്റുകാരന്റെ വിശാലമനസ്‌കതയും മനുഷ്യസ്‌നേഹവും വിപ്ലവത്തെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവും ഉള്‍ക്കൊണ്ടാണ് ലക്ഷ്മണയെ മോചിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കാത്തതെന്ന് വാസു പറഞ്ഞു.
വര്‍ഗീസിനെ പോലീസ് വധിച്ചതാണെന്ന് പുറം ലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഗ്രോ വാസുവെന്ന അയിനൂര്‍ വാസു.
ലക്ഷ്മണയോട് വ്യക്തിപരമായ വിരോധമില്ല. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ ചെയ്ത അത്രയൊന്നും ലക്ഷ്മണ ചെയ്തിട്ടില്ല. ഒരു ദിവസം പോലും തടവ് ശിക്ഷ അനുഭവിക്കാതെ കരുണാകരന്‍ പോയി. ലക്ഷ്മണ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. കൊലയാളികള്‍ ഇവരാണെന്ന് സമൂഹം അറിഞ്ഞു.
ലക്ഷ്മണ വൃദ്ധനായി. മാവോ സേതൂങ്ങിന്റെ പാതയാണ് ഞാന്‍ പിന്തുടരുന്നത്. യുദ്ധത്തില്‍ പരാജയപ്പെടുത്തിയാല്‍ പ്രതികാരനടപടി പാടില്ലെന്നാണ് മാവോ ഉദ്‌ബോധിപ്പിച്ചത്. അതേ സമീപനമാണ് എനിയ്ക്കും.- ഗ്രോ വാസു പറഞ്ഞു.
1970 ഫെബ്രുവരി 18 നാണ് വര്‍ഗീസ് വെടിയേറ്റ് മരിച്ചത്. തിരുനെല്ലി, തൃശിലേരി ആക്ഷന്‍ കഴിഞ്ഞ് 17 പേരുള്ള നക്‌സല്‍ സംഘം 10 ദിവസം കാട്ടില്‍ തങ്ങി. അരി സംഘടിപ്പിക്കുന്നതിന് ഗ്രോ വാസു, വര്‍ഗീസ്, സോമന്‍, രഘു, ഔസേപ്പ് എന്നിവര്‍ ആദിവാസി കോളനിയിലേക്ക് വന്നപ്പോഴാണ് സി.ആര്‍.പി.എഫിന്റെ മുന്നില്‍ പെട്ടത്.
ചിതറിയോടിയപ്പോള്‍ വര്‍ഗീസ് കാട്ടില്‍ കുടുങ്ങി. മറ്റുള്ളവര്‍ മലയിറങ്ങി. ഒരു വീട്ടില്‍ അഭയം തേടിയ വര്‍ഗീസിനെ അവര്‍ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് പിറ്റേന്ന് പോലീസ് പിടികൂടി വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് മരിച്ചെന്നായിരുന്നു പോലീസ് പറഞ്ഞത്. രണ്ട് പേരെ വധിച്ച തിരുനെല്ലി, തൃശിലേരി ആക്ഷനില്‍ പിടിക്കപ്പെട്ട ഗ്രോ വാസു ഏഴര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു.