'ജനനേന്ദ്രിയത്തില്‍ ഷോക്കടിപ്പിച്ചു, കരച്ചില്‍ ലൗഡ്‌സ്പീക്കറില്‍ കേള്‍പ്പിച്ചു'; കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടിയും കേന്ദ്രവാദം തള്ളിയും അന്വേഷണ സംഘം
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണനില പുനഃസ്ഥാപിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു. സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്നു വസ്തുതാന്വേഷണ സംഘമാണു കണ്ടെത്തിയത്. സൈന്യം ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും അവര്‍ വെളിപ്പെടുത്തി.
ഇരകളെ ഉപദ്രവിച്ചതിനു ശേഷം അവരുടെ കരച്ചില്‍ ലൗഡ്‌സ്പീക്കറില്‍ കേള്‍പ്പിച്ചെന്നും ജനനേന്ദ്രിയത്തില്‍ ഇലക്ട്രിക് ഷോക്കടിപ്പിച്ചെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതായി മനസ്സിലായിട്ടുണ്ടെന്നും അവര്‍ പറയുന്നു. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ബി.സിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അതിനുശേഷം ഷോപിയാനിലെ ഒരു ഗ്രാമത്തില്‍ സുരക്ഷാ സേന എത്തി അവരെ ഉപദ്രവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉദ്യോഗസ്ഥരടങ്ങിയ ചെറിയ വിഭാഗത്തിനു മാത്രമേ ഫോണ്‍ സൗകര്യം കിട്ടിയിട്ടുള്ളൂവെന്നും അവര്‍ വെളിപ്പെടുത്തി. താഴ്‌വരിലെ 70 ശതമാനം ആളുകളും കടുത്ത മാനസിക പ്രശ്‌നങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും സംഘത്തിലുള്ള അമിത് സെന്‍ പറഞ്ഞു.
ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വസ്തുതാന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും പുറത്തിറങ്ങിയെന്നു കാണിക്കാനായി കേന്ദ്രം കൃത്രിമമായി ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ അതു പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
‘സ്ത്രീകളും കുട്ടികളുമെല്ലാം സായുധ സേനാ വിഭാഗങ്ങളുടെ ലൈംഗികാക്രമണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രാത്രിയില്‍ മദ്യപിച്ചെത്തുന്ന സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു മര്‍ദ്ദിച്ചു എന്നതടക്കം കശ്മീര്‍ താഴ്‌വരയിലെ സ്ത്രീകള്‍ പറഞ്ഞു.
നീതി ലഭിക്കാത്തതോടെ കശ്മീരിലെ അഭിഭാഷകര്‍ക്കു പോലും ജുഡീഷ്യറിയിലുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. കശ്മീരില്‍ കോടതികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു വിഭാഗത്തെ സര്‍ക്കാര്‍ എല്ലാ അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കുന്നതാണ് കശ്മീരില്‍ കണ്ടത്.