അർധരാത്രിയിൽ നിലവറയിൽ വിഗ്രഹം സ്ഥാപിച്ചത് പള്ളിയുടെ ഗ്രില്ലുകൾ തകർത്ത്: ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി
national news
അർധരാത്രിയിൽ നിലവറയിൽ വിഗ്രഹം സ്ഥാപിച്ചത് പള്ളിയുടെ ഗ്രില്ലുകൾ തകർത്ത്: ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 5:05 pm

വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ ചെയ്യാൻ ഹിന്ദുക്കൾക്ക് വാരണാസി കോടതി അനുമതി നൽകിയതിന് പിന്നാലെ അർദ്ധരാത്രിയിൽ നിലവറയിൽ വിഗ്രഹം സ്ഥാപിച്ചത് പള്ളിയുടെ ഗ്രില്ലുകൾ തകർത്ത്.

മസ്ജിദിന്റെ അടിഭാഗത്തുള്ള നിലവറക്കകത്ത് അർധരാത്രി 12 മണിയോടെയാണ് ജില്ലാ മജിസ്ട്രേറ്റും കമ്മീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേർന്ന് വിഗ്രഹം കൊണ്ടു വച്ചത് എന്ന് അൻജുമാൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് അഹ്മദ് യാസീൻ മാധ്യമം ദിന പത്രത്തോട് പറഞ്ഞു.

1993ൽ സുപ്രീം കോടതി വിധിയെ തുടർന്നാണ് പള്ളിയുടെ സുരക്ഷിതത്വത്തിനായി ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചത്.

രാത്രി 10 മണിയോടെയാണ് ഗ്രില്ലുകൾ മുറിച്ചുമാറ്റുന്ന പണി ആരംഭിച്ചത്. അർധരാത്രി 12 മണിയോടെ ഇത് പൂർത്തിയാക്കിയ ശേഷം പള്ളിക്കടിയിലെ തെക്കേ നിലവറയിൽ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു എന്ന് യാസീൻ പറഞ്ഞു.

ഈ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്ന ഇമാമും മുഅദ്ദിനും ആണ് ഇത് കണ്ടതെന്ന് യാസീൻ മാധ്യമത്തോട് പറഞ്ഞു.

അർധരാത്രിയിലെ അപ്രതീക്ഷിത നീക്കത്തെ തുടർന്നാണ് മസ്ജിദ് കമ്മിറ്റി അടിയന്തര സ്റ്റേക്കായി അപ്പോൾ തന്നെ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ രാവിലെ സ്റ്റേക്കുള്ള ഹരജി സ്വീകരിക്കില്ലെന്നും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞെന്ന് രജിസ്ട്രി മസ്ജിദ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ പള്ളിക്കകത്ത് പൂജാകർമങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിലവിൽ പള്ളിക്കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

Content Highlight: Grills constructed as per SC instructions demolished to install idol says Gyanvapi Masjid Committee