| Monday, 22nd June 2020, 10:41 am

ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കൊവിഡ്; സ്ഥിരീകരണം ജ്യോകോവിച്ചുമായി നടന്ന മത്സരത്തിന് ഒരാഴ്ചയ്ക്ക് ശേഷം

സ്പോര്‍ട്സ് ഡെസ്‌ക്

ബള്‍ഗേറിയന്‍ ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഗ്രിഗര്‍ തന്നെ കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിക്കുകയായിരുന്നു.

ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോകോവിച്ചുമായി എക്‌സിബിഷന്‍ ടൂര്‍ണമെന്റ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഗ്രിഗറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ലോക 19ാം നമ്പര്‍ താരമാണ് ദിമിത്രോവ്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സുഹൃത്തുക്കളെയും ആരാധകരെയും അറിയിക്കുകയാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താനുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കണമെന്നും ഗ്രിഗര്‍ വ്യക്തമാക്കുന്നു.

‘ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ഇടപഴകിയവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുമെന്നത് എനിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ഞാന്‍ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം,’ ദിമിത്രോവ് കുറിച്ചു.

താന്‍ വീട്ടിലെത്തിയെന്നും സുഖം പ്രാപിച്ച് വരികയാണെന്നും ഗ്രിഗര്‍ വ്യക്തമാക്കി.

ശനിയാഴ്ച ക്രൊയേഷ്യയിലെ അഡ്ര്യാറ്റിക് കോസ്റ്റില്‍ വെച്ച് നടന്ന ബാല്‍ക്കണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തിലും ഗ്രിഗര്‍ ദിമിത്രോവ് കളിച്ചിരുന്നു.

ക്രൊയേഷ്യന്‍ ടെന്നീസ് താരം ബോര്‍ണാ കോറികുമായി പരാജയപ്പെട്ടതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളിയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

ഗ്രിഗറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ജ്യോകോവിച്ചും റഷ്യയുടെ ആന്‍ഡ്രേയ് റുബ്ലേവും തമ്മിലുള്ള മത്സരം മുന്‍കരുതലിന്റെ ഭാഗമായി മാറ്റിവെച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more