ചില്‍ ഡൊണാള്‍ഡ് ചില്‍; ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഗ്രേറ്റ തന്‍ബര്‍ഗ്
American Election
ചില്‍ ഡൊണാള്‍ഡ് ചില്‍; ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഗ്രേറ്റ തന്‍ബര്‍ഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 12:16 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വ്യാജ പ്രചരണങ്ങളും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിക്കുന്ന
റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗ്രേറ്റ തന്‍ബെര്‍ഗ്. ട്രംപ് ഗ്രേറ്റക്കെതിരെ പറഞ്ഞ വാക്കുകളെ കടമെടുത്തുകൊണ്ടായിരുന്നു ഗ്രേറ്റയുടെ മറുപടി.

‘പരിഹാസ്യം, ട്രംപ് നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് അടുത്ത ഒരു സുഹൃത്തിന്റെ കൂടെ പോയി നല്ല സിനിമ കാണൂ! ചില്‍ ഡൊണാള്‍ഡ് ചില്‍,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു.

11 മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രേറ്റയെ അധിക്ഷേപിച്ച്‌കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്. ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേ ട്വീറ്റ് ട്രംപിനെക്കുറിച്ചാക്കി മാറ്റിക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ മധുര പ്രതികാരം.

‘പരിഹാസ്യം, ഗ്രേറ്റ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനെക്കൂട്ടി ഒരു സിനിമയൊക്കെ പോയി കാണൂ. ചില്‍ ഗ്രേറ്റ ചില്‍,’എന്നായിരുന്നു ട്രംപ് ഗ്രേറ്റയെ പരിഹസിച്ച് 2019 ഡിസംബര്‍ 12ന് ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് ട്രംപിനെതിരെയുള്ള ഗ്രേറ്റയുടെ ട്വീറ്റ് നിരവധി പേരാണ് ഇതിനോടകം പങ്കുവെച്ചിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിമര്‍ശിച്ച് ഗ്രേറ്റ നേരത്തെയും രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് വോട്ട് നല്‍കണമെന്നും ഗ്രേറ്റ അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഗ്രേറ്റയെ പിന്തുണയ്ക്കുന്നെന്നായിരുന്നു ബൈഡന്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Greta Thunberg trolls Donald trump by tweeting his own words against her before