| Wednesday, 3rd February 2021, 8:11 am

കര്‍ഷക പ്രതിഷേധത്തില്‍ മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞ് ലോകപ്രശസ്തര്‍; റിഹാനക്ക് പിന്നാലെ ഗ്രെറ്റ തന്‍ബര്‍ഗും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌റ്റോക്‌ഹോം: കര്‍ഷകപ്രതിഷേധത്തില്‍ മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞ് ലോകപ്രശസ്തര്‍. പോപ് ഗായിക റിഹാനക്ക് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്. ഇതേ കുറിച്ചുള്ള സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റയുടെ ട്വീറ്റ്. ഇന്ത്യയിലെ കര്‍ഷകപ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏതു വിധേനെയും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന് സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഈ പിന്തുണ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിഹാനയും ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നമ്മള്‍ എന്തുകൊണ്ടാണ് ഇതേകുറിച്ച് സംസാരിക്കാത്തത് എന്ന് ട്വീറ്റ് ചെയ്തിരുന്നു.

റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതോടുകൂടി #farmersprotets എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Greta Thunberg supports farmers protest

We use cookies to give you the best possible experience. Learn more