| Friday, 19th February 2021, 10:03 pm

അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്; ദിഷയെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയ്ക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.  അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്തുന്നതും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന് ഗ്രെറ്റ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

‘അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്താനുള്ള സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണ്. ഇത് ഒരു ജനാധിപത്യവ്യവസ്ഥയുടെ പ്രധാന ഭാഗവുമാണ്’, ഗ്രെറ്റ ട്വിറ്ററിലെഴുതി.

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ദിഷയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ദല്‍ഹി പട്യാല ഹൗസിന്റേതാണ് വിധി. ദല്‍ഹി പൊലീസിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ദിഷയെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.

ലിംഗത്തിന്റെയും പ്രായത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിലാണോ ഒരു കുറ്റകൃത്യം തീരുമാനിക്കുക എന്നാണ് ദിഷ രവിയുടെ അറസ്റ്റിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ പ്രതികരിച്ചത്.

ടൂള്‍ കിറ്റ് കേസ് ദല്‍ഹി പൊലീസിന് പരിപൂര്‍ണ സ്വാതന്ത്രത്തോടെ അന്വേഷിക്കാമെന്നും അവര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു

അതേസമയം, ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നേരത്തെ തന്നെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ലെന്നും അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Greta Thunberg Supports Disha Ravi

We use cookies to give you the best possible experience. Learn more