| Wednesday, 20th January 2021, 8:35 pm

'മികച്ച ഭാവിയ്ക്കായി കാത്തിരിക്കുന്ന ഒരു വൃദ്ധന്‍'; വൈറ്റ് ഹൗസില്‍ നിന്നുള്ള ട്രംപിന്റെ പടിയിറക്കത്തില്‍ ഗ്രേറ്റ തന്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: വിവാദങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 45-ാമത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയിരിക്കുകയാണ്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗും രംഗത്തെത്തിയിരുന്നു. സന്തോഷത്തോടെ പടിയിറങ്ങുന്ന വയസ്സനെന്നാണ് ഗ്രേറ്റയുടെ ട്വീറ്റ്.

‘മികച്ച ഭാവിയ്ക്കായി കാത്തിരിക്കുന്ന വളരെ സന്തോഷവാനായ വൃദ്ധന്‍. ഈ കാഴ്ച കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു’, ഗ്രേറ്റ ട്വിറ്ററിലെഴുതി.

വലിയ വിവാദങ്ങള്‍ക്കും അട്ടിമറി നീക്കങ്ങള്‍ക്കുമൊടുവിലാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയത്.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കാത്തു നില്‍ക്കാതെയാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയത്. ഫ്‌ളോറിഡയിലേക്കാണ് ട്രംപും കുടുംബവും പോയത്.

ഇതിന് മുന്‍പ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്‌സണ്‍ മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നില്‍ക്കാതെ വൈറ്റ് ഹൗസ് വിട്ടത്.

ബൈഡന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു പോയത്. ബൈഡന് ഒരു കുറിപ്പ് എഴുതിവെച്ചിട്ടാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ്‌ക് ധരിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിനും ട്രംപ് എത്തിയത്. താങ്ക്യൂ ട്രംപ് എന്ന മുദ്രാവാക്യം മുഴക്കി നിരവധി പേര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാന്‍ എത്തിയിരുന്നു.

മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ക്ക് മെഡോസ് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ച് നടന്ന ട്രംപിന്റെ യാത്ര അയപ്പ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബാംഗങ്ങളെല്ലാവരും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപും ചടങ്ങില്‍ സംസാരിച്ചു.

എല്ലാ കാര്യങ്ങളും അതിസങ്കീര്‍ണമാണ്. ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും വിടവാങ്ങല്‍ പ്രസം?ഗത്തില്‍ ട്രംപ് പറഞ്ഞു. ഒമ്പത് മാസം കൊണ്ട് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചത് മെഡിക്കല്‍ ചരിത്രത്തിലെ വിസ്മയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘നിങ്ങള്‍ അത്ഭുതകരമായ ജനതയാണ്. ഇതൊരു മഹത്തായ രാഷ്ട്രമാണ്. നിങ്ങളുടെ പ്രസിഡന്റായി ഇരിക്കുക എന്നത് അഭിമാനകരമായിരുന്നു,’ ട്രംപ് പറഞ്ഞു. താനെല്ലാം ശ്രദ്ധിക്കുകയും കേള്‍ക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Greta Thunberg Response On Donald Trump Leaving White house

We use cookies to give you the best possible experience. Learn more