വ്യാവസായിക സമ്മേളനത്തിനെതിരെ പ്രതിഷേധം; ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍
ലണ്ടന്‍: ലണ്ടനില്‍ കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എണ്ണ, വാതക വ്യവസായ സമ്മേളനത്തിനെതിരെ പ്രകടനം നടത്തിയതിനാണ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്തത്.
എനര്‍ജി ഇന്റലിജന്‍സ് ഫോറം നടക്കുന്ന ആഡംബര ഇന്റെര്‍കോണ്ടിനെന്റല്‍ ഹോട്ടലിനുപുറത്ത് പ്രതിഷേധം നടത്തിയ 26 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രെറ്റ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച ഹോട്ടലിലേക്കുള്ള പ്രവേശനം തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊതുസമാധാനം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രിയോടെ വിട്ടയക്കുകയും ചെയ്തു, നവംബര്‍ 15ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുന്നത് വരെ ഗ്രേറ്റക്കും മറ്റുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഓയില്‍ ഗ്യാസ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് നടക്കുന്ന ഹോട്ടല്‍ കവാടം കയ്യേറിയാണ് പ്രതിഷേധക്കാര്‍ വ്യവസായികളുടെ പ്രവേശനം തടയാന്‍ ശ്രമിച്ചത്.
ആഗോള ഊര്‍ജ്ജ പരിവര്‍ത്തനത്തിനെതിരെ ഫോസില്‍ ഇന്ധന കമ്പനികള്‍ ബോധപൂര്‍വ്വം മന്ദഗതിയില്‍ ആക്കുന്നുവെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
‘ബിഗ് ഓയില്‍ പേ’ എന്ന ബാനറുമായിട്ടായിരുന്നു ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചത്.
‘എണ്ണ മുതലാളിമാര്‍ ഒരു ആഡംബര ഹോട്ടലില്‍ പരസ്പരം മദ്യസല്‍ക്കാരം നടത്തുന്നു, ഇതിലും വലിയ ലാഭം എങ്ങനെ നേടാമെന്ന് ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. അതേസമയം ദശലക്ഷക്കണക്കിന് ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്’. ഗ്രീന്‍പീസ് യു.കെ. പ്രവര്‍ത്തക മജ ഡാര്‍ലിങ്ടണ്‍ പറഞ്ഞു
വ്യാഴാഴ്ച വരെ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ഷെല്‍, സൗദി അറേബ്യയിലെ അരാംകോ, നോര്‍വേയിലെ ഇക്വിനോര്‍ എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവുകളും യു.കെയിലെ ഊര്‍ജ്ജ സുരക്ഷാമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
Content Highlight: Greta Thunberg Arrested