സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായവും നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കൊവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടത്.
നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഗ്രെറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. ദല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകം മുന്നോട്ടുവരണമെന്ന ആഹ്വാനവുമായിട്ടാണ് ഗ്രെറ്റ വീണ്ടുമെത്തിയിരിക്കുന്നത്.
‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാനായി എത്രയും വേഗം ആഗോള സമൂഹം തയ്യാറാകണം, മുന്നോട്ടുവരണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ ട്വീറ്റ്.
ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94 ലക്ഷം) കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു.എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യാന്തരതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം 8.9 ലക്ഷം കേസുകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ഭീഷണിയാണ് രാജ്യത്ത് കൊവിഡ് ഉയര്‍ത്തുന്നത്.
പലസംസ്ഥാനങ്ങളിലും കടുത്ത ഓക്സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് എന്ന് നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 11 മുതല്‍ 15 വരെ കൊവിഡ് കേസുകള്‍ രാജ്യത്ത് ഏറ്റവും രൂക്ഷമാകുമെന്നും തുടര്‍ന്ന് കുറയുമെന്നുമാണ് സൂചിപ്പിക്കുന്നത്.
പ്രതിദിന കേസുകള്‍ നാലര ലക്ഷത്തിന് മുകളില്‍ പോകുമെന്നും സൂചനകള്‍ ഉണ്ട്. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയിട്ടുണ്ട്. 24,331 പുതിയ കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
32 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. നിലവില്‍ ദല്‍ഹിയില് 92000 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Greta Thunberg about Covid surge and oxygen crisis in India, asks world to step in to help