ഇസ്രഈലില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഗ്രനേഡ് പ്രയോഗം; പൊലീസിനെ പിന്തുണച്ച് നെതന്യാഹു
World News
ഇസ്രഈലില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഗ്രനേഡ് പ്രയോഗം; പൊലീസിനെ പിന്തുണച്ച് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 7:51 pm

ടെല്‍ അവീവ്: ഇസ്രഈലില്‍ നെതന്യാഹു സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബുധനാഴ്ച സംഘടിപ്പിച്ച ‘ഡേ ഓഫ് ഡിസ്‌റപ്ഷ’ നെതിരെ ഗ്രനേഡുകള്‍ പ്രയോഗിച്ച് ഇസ്രഈല്‍ പൊലീസ്.

പുതിയ നിയമങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയില്‍ കടന്ന് കയറാന്‍ ശമിക്കുന്ന നെതന്യാഹു സര്‍ക്കാറിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി ബുധനാഴ്ച ഡേ ഓഫ് ഡിസ്റപ്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. അതിനിടിയിലാണ് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായത്.

ഈ തെരുവിലുള്ള തങ്ങളാണ് ഭൂരിപക്ഷമെന്നും പറഞ്ഞ് ഇതിനെതിരെ പ്രതിഷധിക്കുന്നവരെ പൊലീസ് വലിച്ചിഴക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ടെല്‍ അവീവിലെ ഒരു പ്രതിഷേധക്കാരന് മാരകമായി പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റെഷെത് ബെറ്റ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പൊലീസിനെ പിന്തുണച്ച് കൊണ്ട് പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. പൊലീസിനെതിരെയുള്ള അക്രമം, റോഡ് തടഞ്ഞുള്ള പ്രതിഷേധം എന്നിവ അംഗീകരിക്കില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം അരാജകത്വത്തിനുള്ള അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും തുടര്‍ന്ന് പ്രതിഷേധക്കാരുടെ അരാജകത്വം നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നതാണെന്നും ഇസ്രഈല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരിക, സര്‍ക്കാര്‍ തീരുമാനങ്ങളും നെസറ്റ് (ഇസ്രഈല്‍ പാര്‍ലമെന്റ്- knesset) നിയമങ്ങളും അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടുത്തുക എന്നീ പുതിയ നയങ്ങള്‍ നെതന്യാഹു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.

ഈ നയങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം വകവെക്കാതെ പാര്‍ലമെന്റ് പ്രാരംഭഘട്ടത്തിലുള്ള അംഗീകാരം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ ജനത പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കണമെന്നും സമവായത്തിന് ശ്രമിക്കണമെന്നും അമേരിക്കന്‍ അംബാസിഡര്‍ ടോം നിഡ്‌സ് അഭിപ്രായപ്പെട്ടു. ടെല്‍ അവീവ് സര്‍വകലാശാലയിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഈ നിയമം സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും ബിസിനസ് രംഗത്ത് ഉയര്‍ച്ച കൊണ്ട് വരുമെന്നുമാണ് നെതന്യാഹുവിന്റെ അഭിപ്രായം.

എന്നാല്‍ ഈ നിയമം വഴി ഇസ്രഈല്‍ ഒറ്റപ്പെട്ടുപോകുമെന്ന് നിയമവിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാപരവും സാമൂഹികവുമായ തകര്‍ച്ചയുടെ വക്കിലാണ് രാജ്യമെന്നും സമവായത്തിന് ശ്രമിക്കണമെന്നും ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിപ്രായപ്പെട്ടു.

Content highlight: Grenades used against protesters in Israel; Netanyahu supports the police