| Friday, 9th January 2015, 7:47 am

ഫ്രഞ്ച് മാഗസീനെതിരായ ആക്രമണം: ഫ്രാന്‍സില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപക അക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ളി എബ്ദോയുടെ ഓഫീസിനു നേരെയുണ്ടായ ആക്രണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപക അക്രമം.

തെക്കന്‍ ഫ്രാന്‍സിലെ പോര്‍ട്ട്-ലാ-നൗവെല്ലിയിലെ മുസ്‌ലിം പ്രാര്‍ത്ഥനാ ഹാളിനുനേരെ ബുധനാഴ്ച വെടിവെപ്പു നടന്നു. പ്രാദേശിക സമയം രാത്രി 8 മണിക്കാണ് വെടിവെപ്പു നടന്നത്.

ആക്രമണത്തില്‍ പ്രാര്‍ത്ഥനാ മുറിയുടെ വാതിലുകളും ജനലുകളും തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ടില്ല. ആക്രമണം നടക്കുന്ന സമയത്ത് മുറിയില്‍ ആരുമില്ലായിരുന്നു.

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ മാന്‍സ് സിറ്റിയിലെ പള്ളിക്കു നേരെ ഗ്രനേഡ് എറിഞ്ഞു. പള്ളിക്കു നേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പള്ളിയുടെ ചുമരില്‍ വെടിയുണ്ട പതിച്ച അടയാളമുണ്ട്.

കിഴക്കന്‍ ഫ്രാന്‍സിലെ വില്ലിഫ്രാഞ്ചി-സുര്‍-സോണ്‍ ടൗണിലെ പള്ളിക്കു സമീപം സ്‌ഫോടനമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിക്കാണ് സ്‌ഫോടനമുണ്ടായത്.

പള്ളിയുമായി ഏറെ അടുപ്പമുള്ള ചിലയാളുകള്‍ നടത്തുന്ന എല്‍ ഇംപീരിയല്‍ എന്ന റസ്റ്ററന്റിലായിരുന്നു സ്‌ഫോടനം നടന്നത്. പള്ളിയിലെ ആളുകള്‍ പലപ്പോഴും ഇവിടെ ഒത്തുകൂടാറുണ്ട്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ടില്ല.

റസ്റ്ററന്റില്‍ നടന്ന സ്‌ഫോടനത്തിന് ബുധനാഴ്ചത്തെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി വില്ലിഫ്രാഞ്ചി മേയര്‍ പെറുത് ബെര്‍നാഡ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ചയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ഭീതി ഉയര്‍ന്നിരിക്കുകയാണ്. ഫ്രഞ്ച് അധികൃതര്‍ രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളികളും, സ്റ്റോറുകളും, ഷോപ്പിങ് സെന്ററുകളും, റെയില്‍വേ സ്റ്റേഷനും എയര്‍പോര്‍ട്ടുകളും സംരക്ഷിക്കാനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുല്‍ വാല്‍സ് അറിയിച്ചു.

We use cookies to give you the best possible experience. Learn more