ഷെയ്ഖ് ഹസീനക്കെതിരായ ഗ്രനേഡ് ആക്രമണം; ഖാലിദ സിയയുടെ മകനടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു
World News
ഷെയ്ഖ് ഹസീനക്കെതിരായ ഗ്രനേഡ് ആക്രമണം; ഖാലിദ സിയയുടെ മകനടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 9:34 am

ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരായ ഗ്രനേഡ് ആക്രമണത്തില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. ഹസീനയുടെ രാഷ്ട്രീയ എതിരാളിയായ ഖാലിദ സിയയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹമാന്‍ ഉള്‍പ്പെടെയുള്ള 49 പ്രതികളെയാണ് വെറുതെ വിട്ടത്. സുപ്രീം കോടതിയിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മുന്‍മന്ത്രി ലുത് ഫസ്മാന്‍ ബാബറേയും കുറ്റവിമുക്തനായിട്ടുണ്ട്.

ഇതോടെ 2008 മുതല്‍ ലണ്ടനില്‍ കഴിയുന്ന താരിഖ് റഹ്‌മാന് ബംഗ്ലാദേശിലേക്ക് മടങ്ങി വരാനും രാഷ്ട്രീയത്തില്‍ സജീവമാകാനും സാധിക്കും. റഹ്‌മാന്റെ മാതാവ് ഖാലിദ സിയ അര്‍ബുദത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത സ്ഥിതിക്ക് താരിഖ് റഹ്‌മാനാവും ഇനി ബി.എന്‍.പിയെ നയിക്കുക.

‘അദ്ദേഹം എപ്പോള്‍ മടങ്ങിവരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്ന നിമിഷം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ വലിയ മാറ്റമുണ്ടാകും,’ ബി.എന്‍.പിയുമായി ബന്ധമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. റഹ്‌മാനെതിരെ ചില അഴിമതിക്കേസുകളും മാനനഷ്ടക്കേസുകളും രാജ്യത്ത് നിലവിലുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് തടസ്സമാകില്ലെന്നാണ് സൂചന.

2004ലാണ് ഗ്രനേഡ് ആക്രമണം നടക്കുന്നത്. സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് കൊലപാതകം, സ്‌ഫോടക വസ്തു നിരോധനം എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ 19 പേര്‍ക്ക് വധശിക്ഷയും റഹ്‌മാന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക വിചാരണ കോടതി ജീവപര്യന്തം തടവും വിധിക്കുകയായിരുന്നു.

എന്നാല്‍ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹര്‍കതൂല്‍ ജിഹാദ് അല്‍ ഇസ്‌ലാമി സംഘടനയുടെ നേതാവായ മുഫ്തി അബ്ദുല്‍ ഹന്നാനെ സമ്മര്‍ദ്ദം ചെലുത്തിയാണ് കുറ്റസമ്മസതം നടത്തിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. മുഫ്തി അബ്ദുല്‍ ഹന്നാന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ കോടതി വിധി പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ജസ്റ്റിസ് എ.കെ.എം. അസദുസമാന്‍, ജസ്റ്റിസ് സയിദ് ഇനായത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

എന്നാല്‍ ഹൈക്കോടതി വിധി സ്വതന്ത്ര ബംഗ്ലാദേശിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും അവാമി ലീഗ് വിശേഷിപ്പിച്ചു.

Content Highlight: Grenade attack on Sheikh Hasina; All the accused were acquitted