ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറകാഴ്ചവെച്ചത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ട്രാവിസ് ഹെഡിനെ പ്രതിരോധത്തിലാക്കാന്‍ ബുംറയ്ക്ക് സാധിച്ചില്ല. ബുംറയുടെ ആക്രമണം വകവെയ്ക്കാതെ നിര്‍ഭയനായി കളിച്ച ഹെഡിനെ ഇപ്പോള്‍ പ്രശംസിക്കുകയാണ് ഓസീസ് ഇതിഹാസതാരം ഗ്രെഗ് ചാപ്പല്‍.
‘നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ജസ്പ്രീത് ബുംറയ്ക്കെതിരായ ഹെഡ്സിന്റെ സ്‌കോറിങ് നിരക്ക് അവന്റെ പേടിയില്ലാത്ത സമീപനത്തെ കാണിക്കുന്നു. മറ്റ് ബാറ്റര്‍മാര്‍ക്ക് ബുംറയെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല, പക്ഷെ മറ്റേതൊരു ബൗളറെയും പോലെയാണ് ഹെഡ് ബുംറയെ കളിച്ചത്.
ബുംറയുടെ ഭീഷണി വകവെക്കാതെയാണ് ഹെഡ് അവനെ തടഞ്ഞത്. ഹെഡ് ഷോര്‍ട്ട് ബോള്‍ എളുപ്പത്തില്‍ കളിക്കുകയും ഫുള്‍ ലെങ്ത് ഡെലിവറികള്‍ അവരെ ഓടിപ്പിക്കുകയും ചെയ്തു,’ ദി സിഡ്നി മോര്‍ണിങ് ഹെറാള്‍ഡിന് വേണ്ടി ഗ്രെഗ് ചാപ്പല്‍ എഴുതി.
പരമ്പരയില്‍ ഇതുവരെ 21 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബുംറ ഒഴികെ മറ്റാര്‍ക്കും വിക്കറ്റ് ടേക്കിങ്ങില്‍ സ്ഥിരത കാണിക്കാന്‍ സാധിച്ചില്ലായിരുന്നു. അടുത്ത മത്സരത്തിലും താരം മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Greg Chappell praises Australian batter for his fearless approach against Jasprit Bumrah