| Saturday, 19th August 2023, 10:59 pm

വിരാടെ തന്നെ എല്ലാവര്‍ക്കുമറിയാം, അറിഞ്ഞ് കളിച്ചാല്‍ കൊള്ളാം; ഉപദേശവുമായി മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ കെല്‍പ്പുള്ള താരമാണ് വിരാട് കോഹ്‌ലി.

വിരാടിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ് എന്നിരിക്കെ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചായ ഗ്രെഗ് ചാപ്പല്‍. വിരാടിനോട് കാര്യങ്ങളെ സിമ്പിളാക്കാനും അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രികരിക്കാനും പറയുകയാണ് ചാപ്പല്‍. 15 വര്‍ഷത്തോളമായി ക്രിക്കറ്റ് കളിക്കുന്ന വിരാടിന്റെ ഗെയിം എതിരാളികള്‍ക്ക് നന്നായി അറിയാമായിരിക്കുമെന്നാണ് ചാപ്പല്‍ വിശ്വസിക്കുന്നത്.

‘എതിരാളികള്‍ക്ക് അടിമുടി തന്നെ അറിയാം, വിരാട് കരിയറിന്റെ ആ ഒരു ഘട്ടത്തിലാണ്. ആ ലെവലില്‍ റണ്‍സ് നേടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അവനറിയാം. റണ്‍സ് നേടാനായി ഈ സമയത്ത് പ്രത്യേക ശ്രമം ആവശ്യമാണ്, അതിനായി, നിങ്ങള്‍ സ്വയം ഡികമ്പ്രസ് ചെയ്യുകയും കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിക്കുകയും വേണമെന്നും വിരാട്ടും മാനസികമായി ഈ ഗെയിമുകളിലേക്ക് പോകേണ്ടതുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അവന്‍ എപ്പോഴും സ്വയം നന്നായി തയ്യാറെടുക്കാറുണ്ട്. അതിന് സാധിച്ചാല്‍ വിരാടിന് ഒരു നല്ല ടൂര്‍ണമെന്റുണ്ടാകുമെന്ന് തീര്‍ച്ചയാണ്,’ ചാപ്പല്‍ പറഞ്ഞു.

2022 ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാട് കളിച്ച അത്തരത്തിലുള്‌ള മാസ്റ്റര്‍ ക്ലാസാണെന്നും ചാപ്പല്‍ പറഞ്ഞിരുന്നു. ആ മത്സരത്തില്‍ അദ്ദേഹം വെറും ബേസിക്ക് ക്രിക്കറ്റാണ് കളിച്ചതെന്നും എന്നാല്‍ ബൗളര്‍മാര്‍ക്ക് ആവശ്യമുള്ളത് നല്‍കുകയും ചെയതെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അദ്ദേഹം കളിച്ച രീതി ആ തലത്തിലുള്ള ബാറ്റിങ്ങിന്റെ മികച്ച പ്രദര്‍ശനമായിരുന്നു. എനിക്ക് അതില്‍ ഇഷ്ടപ്പെട്ടത് വിരാട് കളിച്ചത് അടിസ്ഥാന ക്രിക്കറ്റ് ആയിരുന്നു എന്നതാണ്. അവന്‍ അടിസ്ഥാനപരമായി ഓരോ പന്തും അതിന്റെ മെറിറ്റില്‍ കളിക്കുകയും ബൗളര്‍മാരോട് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യുകയും ചെയ്തു. മാന്‍ ഇന്‍ ചാര്‍ജായിരുന്നു വിരാട് ആ മത്സരത്തില്‍. അത് മാസ്റ്ററുടെ തന്നെ ഒരു ബാറ്റിങ് മാസ്റ്റര്‍ ക്ലാസ്സായിരുന്നു,’ ചാപ്പല്‍ പറഞ്ഞു.

Content Highlight: Greg Chappal gives advices to Virat Kohli ahead of the Worldcup

We use cookies to give you the best possible experience. Learn more