പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍; ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന
Kerala News
പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍; ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th March 2022, 8:17 pm

തിരുവനന്തപുരം: പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിയുടെ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് നടി ഭാവന. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ആശംസകളെന്നും ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.

‘ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ വേദിയിലേക്ക് എന്നെ ക്ഷണിച്ച രഞ്ജിത്ത് സാറിനും ബീന ചേച്ചിക്കും പ്രത്യേകം നന്ദി പറയുന്നു.

നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍,’ ഭാവന പറഞ്ഞു.

അപ്രതീക്ഷിത അതിഥിയായാണ് ഭാവന ചലച്ചിത്ര മേളയുടെ വേദിയിലെത്തിയത്. ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്താണ് ഭവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിരുന്നില്ല. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.

നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷന്‍.

തുര്‍ക്കിയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങില്‍ അതിഥികളായെത്തിയിട്ടുണ്ട്.