ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി, ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു
Daily News
ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി, ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2015, 7:22 pm

greenpeace-01ന്യൂദല്‍ഹി: ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമമനുസരിച്ചാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. എന്‍.ജി.ഒയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

ഐ.ഡി.ബി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ്ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. എന്ത് കൊണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കണം എന്ന് ചോദിച്ച് കാരണം കാണിക്കല്‍ നോട്ടീസും അഭ്യന്തര മന്ത്രാലയം എന്‍.ജി.ഒയ്ക്ക് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

ഗ്രീന്‍പീസ് ഇന്ത്യയ്ക്ക് വരുന്ന വിദേശ ഫണ്ടുകള്‍ തടസ്സപ്പെടുത്തുന്നതിനാണ് ആഭ്യന്തരമന്ത്രാലയം ശ്രമിക്കുന്നതെന്ന് എന്‍.ജി.ഒ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെ നിയമ പരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്‍.ജി.ഒ വിദേശ ഫണ്ട് സ്വീകരിക്കുന്നത് നേരത്തെ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാലാണ് ഇവര്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നത് എന്ന കാരണത്താലായിരുന്നു ഇത്.