സമ്മതമില്ലാതെ ഗർഭ നിരോധനത്തിന് വിധേയരായത് 4,500 സ്ത്രീകൾ; ഗ്രീൻലാൻഡിൽ നഷ്ടപരിഹാരം തേടി 67 പേർ
World News
സമ്മതമില്ലാതെ ഗർഭ നിരോധനത്തിന് വിധേയരായത് 4,500 സ്ത്രീകൾ; ഗ്രീൻലാൻഡിൽ നഷ്ടപരിഹാരം തേടി 67 പേർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 3:11 pm

നൂക്ക്: സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ജനന നിയന്ത്രണത്തിന് വിധേയമായതിന് ഡച്ച് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി ഗ്രീൻലാൻഡിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള 67 സ്ത്രീകൾ.

1960കളിൽ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി ഗ്രീൻലാൻഡിലെ ഇന്യൂട്ട് ഗോത്രത്തിലെ കൗമാരക്കാർ ഉൾപ്പെടെ 4,500 ഓളം സ്ത്രീകളിൽ കോയിൽ എന്ന് അറിയപ്പെടുന്ന ഗർഭ നിയന്ത്രണ ഉപകരണം ഘടിപ്പിച്ചിരുന്നു.

സംഭവത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം 2025ൽ അവസാനിക്കാനിരിക്കെ 70 വയസ് പ്രായം വരുന്ന സ്ത്രീകളാണ് ഇപ്പോൾ 3,00,000 ക്രോണർ (42,150 ഡോളർ) വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഡെന്മാർക്കിന് കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് 1953 വരെ ഡച്ച് കോളനിയായിരുന്നു. ഡച്ച് ബ്രോഡ്കാസ്റ്റർ ആയ ഡി.ആർ കഴിഞ്ഞ വർഷം പുറത്തുവിട്ട പോഡ്കാസ്റ്റിലൂടെയാണ് ജനന നിയന്ത്രണ ക്യാമ്പയിനിന്റെ വ്യാപ്തി വെളിപ്പെട്ടത്.

നാഷണൽ ആർകൈവ്സിലെ റെക്കോഡുകൾ പ്രകാരം, 1966നും 1970നും ഇടക്ക്, 13 വയസ്സുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഗർഭാശയവലയങ്ങൾ (ഇൻട്രാ യൂട്രിൻ ഡിവൈസ്) ഘടിപ്പിച്ചത്.

1969ന്റെ അവസാനത്തോടെ കുഞ്ഞുങ്ങൾ പിറക്കാൻ സാധ്യതയുണ്ടായിരുന്ന ഗ്രീൻലാൻഡിലെ 35 ശതമാനം സ്ത്രീകൾക്കും ഗർഭാശയവലയങ്ങൾ ഘടിപ്പിച്ചു എന്നാണ് സർക്കാർ കണക്കാക്കുന്നതെന്ന് ഡി.ആർ പറയുന്നു.

ഡച്ച്, ഗ്രീൻലാൻഡ് സർക്കാരുകൾ ക്യാമ്പയിനിനെ കുറിച്ച് അന്യേഷിക്കാൻ നിയോഗിച്ച കമ്മീഷൻ 2025 മേയ് മാസത്തിൽ റിപ്പോർട്ട് നൽകും.

തങ്ങൾക്ക് അന്വേഷണത്തിന്റെ ഫലങ്ങൾ വരുന്നത് വരെ കാത്തിരിക്കാൻ വയ്യ എന്നും പല സ്ത്രീകളും 80കളോട് അടുക്കുന്ന സാഹചര്യത്തിൽ ഇപ്പോഴാണ് നടപടി ഉണ്ടാകേണ്ടത് എന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ മുൻകൈ എടുത്ത മനഃശാസ്ത്രജ്ഞ നജ ലിബെർത്ത് പറഞ്ഞു.

‘ചില പെൺകുട്ടികളുടെ ശരീരത്തെ സംബന്ധിച്ച് വലിയ ഗർഭാശയവലയങ്ങൾ ഘടിപ്പിച്ചത് കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വന്ധ്യതയും വരെ സംഭവിച്ചിട്ടുണ്ട്. ചില സ്ത്രീകളാകട്ടെ, ഈയിടെ ഗൈനക്കോളജിസ്റ്റുകൾ കണ്ടെത്തുന്നത് വരെ വലയങ്ങൾ ഘടിപ്പിച്ച കാര്യം അവർ അറിഞ്ഞിരുന്നില്ല,’ ലിബെർത്ത് പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പണം ലാഭിക്കുന്നതിന് വേണ്ടി ഡച്ച് സർക്കാർ ഗ്രീൻലാൻഡ് ജനസംഖ്യ ഗണ്യമായി കുറച്ചുവെന്ന് അവർ ആരോപിച്ചു.

കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവരാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകില്ലെന്ന് അറിയാമെന്നും അപ്പോൾ കോടതിയെ സമീപിക്കുമെന്നും ലിബെർത്ത് പറഞ്ഞു.

1950കളിൽ ഗ്രീൻലാൻഡിൽ ഡച്ച് സംസാരിക്കുന്ന എലീറ്റ് ആളുകളെ വാർത്തെടുക്കുന്നതിന് ഇന്യൂട്ട് ഗോത്രത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആറുപേരോട് കഴിഞ്ഞ വർഷം ഡെന്മാർക്ക് മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

57,000 മാത്രം ജനസംഖ്യ വരുന്ന ഗ്രീൻലാൻഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപ് ആണ്.

Content Highlight: Greenland women ask Denmark for compensation over involuntary birth control