| Monday, 16th January 2023, 2:37 pm

പെര്‍ത്തും ഓവലും ലോര്‍ഡ്‌സും ഒക്കെ അങ്ങ് മാറി നില്‍ക്ക്, ആ റെക്കോഡ് ഇനി ഗ്രീന്‍ഫീല്‍ഡിന്റെ പേരില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരം നടന്നത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 317 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും യുവതാരം ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടിയിരുന്നു.

97 പന്തില്‍ നിന്നും 116 റണ്‍സ് നേടിയ ഗില്ലും 110 പന്തില്‍ നിന്നും 13 ബൗണ്ടറിയുടെയും എട്ട് സിക്സറിന്റെയും അകമ്പടിയോടെ 166 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായത്. വിരാടിന്റെ കരിയറിലെ 74ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയടക്കമുള്ള വെടിക്കെട്ട് വീരന്‍മാരെല്ലാം തന്നെ റണ്ണെടുക്കാന്‍ പാടുപെട്ടതോടെ ലങ്കന്‍ പോരാട്ടം 73 റണ്‍സില്‍ അവസാനിച്ചു.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തുകയും കരുണരത്നയെ റണ്‍ ഔട്ടാക്കുകയും ചെയ്തു. സിറാജിന് പുറമെ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇതോടെ ഏകദിനത്തിലെ ഏറ്റവും വലിയ വിന്നിങ് മാര്‍ജിനാണ് ഇതോടെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിറന്നത്. സ്‌കോട്ലാന്‍ഡിലെ അബെര്‍ഡീനിലെ മാനോഫീല്‍ഡ് പാര്‍ക്കിന്റെ റെക്കോഡാണ് ഗ്രീന്‍ഫീല്‍ഡ് മറികടന്നത്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയങ്ങള്‍

(മാര്‍ജിന്‍ – ടീം- എതിരാളികള്‍ – സ്റ്റേഡിയം/സിറ്റി -വര്‍ഷം എന്ന ക്രമത്തില്‍)

317 – ഇന്ത്യ – ശ്രീലങ്ക – തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം -2003

290 – ന്യൂസിലാന്‍ഡ് – അയര്‍ലന്‍ഡ് – അബെര്‍ഡീന്‍, മാനോഫീല്‍ഡ് പാര്‍ക്ക് – 2008

275 – ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന്‍ – പെര്‍ത്ത്, വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് – 2015

272 – സൗത്ത് ആഫ്രിക്ക – സിംബാബ്വേ – വെനോനി, വില്ലോമൂര്‍ പാര്‍ക്ക് – 2010

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്യാനും ഇന്ത്യക്ക് സാധിച്ചു. 2023ലെ രണ്ട് പരമ്പരകളും സ്വന്തമാക്കിക്കൊണ്ടാണ് ഇന്ത്യ കുതിക്കുന്നത്.

ഏകദിന ലോകകപ്പിന് മുമ്പേ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ടീം എഫേര്‍ട്ടുകള്‍ വരുന്നതില്‍ ആരാധകര്‍ ഏറെ സന്തുഷ്ടരാണ്.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനമാണ് ഇന്ത്യയുടെ മുമ്പിലുള്ളത്. മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

Content Highlight: Greenfield stadium with a new record

We use cookies to give you the best possible experience. Learn more