| Friday, 22nd December 2017, 11:25 am

പുതുവൈപ്പില്‍ ഐ.ഒ.സി ടെര്‍മിനലുമായി മുന്നോട്ടുപോകാന്‍ ഹരിത ട്രൈബ്യൂണല്‍: എന്തുവിലകൊടുത്തും തടയുമെന്ന് സമരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുതുവൈപ്പിനിലെ ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഹര്‍ജി തള്ളി. ചെന്നൈ ഹരിത ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്.

ഐ.ഒ.സി ടെര്‍മിനല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണ് ട്രൈബ്യൂണല്‍ വിധി. ഈ വാദം തെളിയിക്കാനുളള തെളിവുകള്‍ സമരസമിതിക്ക് സമര്‍പ്പിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പുതുവൈപ്പില്‍ ഐ.ഒ.സി ടെര്‍മിനല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുവൈപ്പിന്‍ സമരസമിതി ഹര്‍ജി നല്‍കിയത്. പുതുവൈപ്പിനിലെ തീരദേശ മേഖലയില്‍ വന്‍തോതില്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്ന പദ്ധതി തടയണമെന്നും സമരസമിതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഹരിത ട്രൈബ്യൂണല്‍ വിധിയെ നിയമപരമായി നേരിടുമെന്ന് പുതുവൈപ്പിന്‍ സമരസമിതി നേതാക്കള്‍ അറിയിച്ചു. വിധി നിരാശാജനകമാണ്. ഐ.ഒ.സി ടെര്‍മിനലിന്റെ നിര്‍മാണം തുടരാന്‍ ഒരു തരത്തിലും അനുവദിക്കില്ല. ജനം ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഐ.ഒ.സി പ്ലാന്റിനെതിരായ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ടെര്‍മിനലിന് വേണ്ടി നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതി അനുസരിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more