നെതന്യാഹുവിനും ബൈഡനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു; പിന്നാലെ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ അക്കൗണ്ട് നിര്‍ജീവമാക്കി മെറ്റ
World News
നെതന്യാഹുവിനും ബൈഡനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു; പിന്നാലെ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ അക്കൗണ്ട് നിര്‍ജീവമാക്കി മെറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2023, 8:31 am

വാഷിങ്ടണ്‍: ഗ്രീന്‍ പാര്‍ട്ടി നേതാവും യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജില്‍ സ്റ്റെയ്‌നിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് മെറ്റ. ഫല്‌സ്തീന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ഇസ്രഈല്‍ നടപടികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ജില്‍ സ്റ്റെയ്‌നിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് രണ്ട് തവണയാണ് മെറ്റ സസ്‌പെന്‍ഡ് ചെയ്തത്.

തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള സഹായം നിഷേധിച്ച മെറ്റ പുതിയ അക്കൗണ്ട് നിര്‍ജീവമാക്കിയെന്നും സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു. തന്നെ പറ്റിയുള്ള വിവരങ്ങളെല്ലാം മെറ്റ ഡിലീറ്റ് ചെയ്യുകയാണെന്നും തനിക്ക് മറ്റൊരു റിവ്യൂ നല്‍കാനാവില്ലെന്നും ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു.

‘സമഗ്രതയും ആധികാരികതയും സംബന്ധിച്ച നിയമങ്ങള്‍ എന്റെ അക്കൗണ്ട് ലംഘിച്ചുവെന്നാണ് മെറ്റ അവകാശപ്പെടുന്നത്. ‘നിങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യും. മറ്റൊരു റിവ്യൂവിനായി നിങ്ങള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല,’ എന്താണിത് മെറ്റാ? ,’ ജില്‍ സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ഫല്‌സിതീന്‍ ജനതക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ ജില്‍ സ്റ്റെയ്ന്‍ നിരന്തരം പ്രതിഷേധിച്ചിരുന്നു. കണ്‍മുന്നില്‍ നടക്കുന്ന കൂട്ടക്കൊലക്കെതിരെ തനിക്ക് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ഗസയിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ മുന്‍നിര്‍ത്തി ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും സയണിസ്റ്റുകളെ സഹായിക്കുന്ന യി.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെയും അന്വേഷണം വേണമെന്നും സ്‌റ്റെയ്ന്‍ ആവശ്യപ്പെട്ടിരുന്നു.

ഫലസ്തീനികള്‍ക്കെതിരെ നെതന്യാഹു നടത്തുന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിച്ചതിലൂടെ വംശഹത്യയോളം എത്തിനില്‍ക്കുന്നു. തുടര്‍ച്ചയായ ബോംബാക്രമണത്തിലൂടെ ജീവന്‍ രക്ഷിക്കാനായി വീട് വിട്ട് ഓടിപ്പോവാന്‍ ഫലസ്തീന്‍ ജനത നിര്‍ബന്ധിതരായിരിക്കുന്നു. അതിനാല്‍ വെടിനിര്‍ത്തലിനായി ആവശ്യപ്പെടുകയാണ്. ഫലസ്തീനിലേക്ക് വൈദ്യസഹായം എത്തിക്കുക, ബന്ദികളെ മോചിപ്പിക്കുക, അധിനിവേശം അവസാനിപ്പിക്കുക, സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള വഴി ഇതാണെന്നും സ്റ്റെയ്ന്‍ പറഞ്ഞിരുന്നു.

Content Highlight: Green Party leader and US presidential candidate Jill Stein’s social media accounts have been suspended by Meta