തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി
India
തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 10:33 am

ചെന്നൈ: തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ വിധി. കേന്ദ്രസര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കാണിച്ചായിരുന്നു ഹര്‍ജി.

50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്റ്റര്‍ ഉപയോഗിച്ചാണ് കണികാ പരീക്ഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങിയിരുന്നത്. നൂറോളം ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണികാ പരീക്ഷണത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലും തമിഴ്‌നാട്ടിലും നടന്നത്.


Also Read: മോദിയെപ്പോലെ യോഗിയേയും നമുക്ക് നല്ലപോലെ എതിര്‍ത്തും കുറ്റപ്പെടുത്തിയും ഒരു ഫിഗറാക്കാം; പിന്നെ പ്രധാനമന്ത്രി കസേരയിലിരുത്താം: അഡ്വ. ജയശങ്കര്‍


പൊട്ടിപ്പുറത്തെ 660 ഏക്കര്‍ ഭൂമിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടുനല്‍കിയത്. ഗവേഷണവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശാസ്ത്രജ്ഞന്‍മാര്‍ക്കും മറ്റും താമസിക്കുന്നതിനുമായിരുന്നു ഈ ഭൂമി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതിന് അനുമതി നല്‍കിയത് 2010-ലായിരുന്നു. വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പലരും പരീക്ഷണത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

പദ്ധതിക്ക് പിന്നില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നേരത്തേ തമിഴ്‌നാട്ടിലെ തന്നെനീലഗിരി ജില്ലയിലാണ് കണികാ പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊട്ടിപ്പുറത്തേക്ക് മാറ്റുകയായിരുന്നു.