| Thursday, 6th September 2012, 12:19 pm

എമേര്‍ജിങ് കേരള: ഹരിത എം.എല്‍.എമാര്‍ മലക്കംമറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എമേര്‍ജിങ് കേരളയിലെ പദ്ധതികള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കാമെന്ന മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിലപാട് സ്വാഗതാര്‍ഹമെന്ന് ഹരിത എം.എല്‍.എമാര്‍. എമേര്‍ജിങ് കേരളയിലെ ചില പദ്ധതികള്‍ സുതാര്യമല്ലെന്നും ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട് ഹരിത എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.[]

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ തുറന്ന സമീപനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റെ രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സ്വീകരിക്കാന്‍ തയ്യാറായെന്ന് എം.എല്‍.എമാര്‍ അറിയിച്ചു.

ബ്ലോഗിലൂടെയാണ് ഹരിത എം.എല്‍.എമാര്‍ പുതിയ നിലപാട് വ്യക്തമാക്കി. വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, വി.ടി ബല്‍റാം, കെ.എം ഷാജി, ശ്രേയാംസ്‌കുമാര്‍, ഹൈബി ഈഡന്‍ എന്നിവരാണ് ഹരിത എം.എല്‍.എമാരുടെ ഗ്രൂപ്പിലുള്ളത്.

സംസ്ഥാനത്തെ ഒരിഞ്ചുഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അല്ലാതെ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. എമേര്‍ജിങ് കേരളയ്ക്ക് എല്ലാവിധ ആശംസകളും എം.എല്‍.എമാര്‍ നേരുന്നുണ്ട്.

സര്‍ക്കാരിന്റെ തിരുത്തല്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിച്ചു. പദ്ധതികള്‍ രാഷ്ട്രീയ നേതൃത്വം പുന:പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more