Kerala News
അങ്കമാലി- ശബരിപാതയ്ക്ക് പച്ചക്കൊടി; കെ-റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 03, 09:00 am
Sunday, 3rd November 2024, 2:30 pm

ന്യൂദല്‍ഹി: സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയില്‍ സാധ്യമാകുമെന്ന് കേന്ദ്രം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

അങ്കമാലി-എരുമേലി- ശബരിപാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബന്ധമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

നേരത്തെ സമര്‍പ്പിച്ച പദ്ധതി രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സില്‍വര്‍ ലൈനില്‍ തുടര്‍നടപടികള്‍ക്കും സന്നദ്ധമെന്നും കേന്ദ്രം അറിയിച്ചു.

നിലവില്‍ കെ-റെയിലിനുള്ള പാരിസ്ഥിതികവും സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കെ.റെയില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോവുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ബെംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലുവരി പാതയും ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ മൂന്ന് വരി പാതയും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മുതല്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്കുള്ള പാതയില്‍ മൂന്ന് ലൈനുകള്‍ സ്ഥാപിക്കുമെന്നും അതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരി റെയിലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി സംസാരിച്ചിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

Content Highlight: Green light for Angamaly- Sabaripatha; Center says K-Rail is not a closed chapter