നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ പേജില്‍ ഫോട്ടോ വന്നതോട് കൂടി ലോകശ്രദ്ധ നേടിയ അഫ്ഗാന്‍ അഭയാര്‍ത്ഥി ഷര്‍ബത് ഗുല ഇറ്റലിയില്‍. ഇറ്റാലിയന്‍ സര്‍ക്കാരാണ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.
”അഫ്ഗാന്‍ പൗരയായ ഷര്‍ബത് ഗുല റോമില്‍ എത്തിയിരിക്കുന്നു,” സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അവര്‍ എത്തിയ ദിവസം സംബന്ധിച്ച വ്യക്തത പ്രസ്താവനയിലില്ല.
താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ, അവരെ രാജ്യത്ത് നിന്നും രക്ഷിക്കണമെന്ന് നിരവധി സംഘടനകള്‍ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ഇറ്റലിയുടെ ഒഴിപ്പിക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഗുലയും ഇപ്പോള്‍ ഇറ്റലിയിലെത്തിയത്.
1984ല്‍ അമേരിക്കന്‍ ഫോട്ടോജേര്‍ണലിസ്റ്റായ സ്റ്റീവ് മക്കറി പാകിസ്ഥാനിലെ ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചായിരുന്നു ഷര്‍ബത് ഗുലയുടെ ഫോട്ടോ പകര്‍ത്തിയത്. 1985ല്‍ നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ ഫ്രണ്ട് കവര്‍ചിത്രമായി ഇത് വന്നതോടെ ‘ഏറ്റവും പ്രശസ്തയായ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി’യായി ഇവര്‍ മാറി.
കണ്ണുകളുടെ നിറത്തിന്റെ പ്രത്യേകത കൊണ്ടും അവരുടെ നോട്ടം കൊണ്ടുമായിരുന്നു ഫോട്ടോ ശ്രദ്ധിക്കപ്പെട്ടത്. ഫോട്ടോ എടുത്ത സമയത്ത് 12 വയസായിരുന്നു ഗുലയുടെ പ്രായം. ഇന്ന് അവര്‍ക്ക് 49 വയസുണ്ട്. വിവാഹിതയായി കുടുംബത്തോടൊപ്പമാണ് താമസം.
അനാഥയായാണ് ആദ്യമായി പാകിസ്ഥാനില്‍ എത്തിയതെന്ന് ഷര്‍ബത് ഗുല മുമ്പ് പറഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ 1979ലെ അഫ്ഗാന്‍ അധിനിവേശം സംഭവിച്ച് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തുന്നത്.
പിന്നീട് കൃത്രിമമായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചതിനും അതുപയോഗിച്ച് പാകിസ്ഥാനില്‍ ജീവിച്ചതിനും ഇവര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ 2016ല്‍ ഇവരെ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു.
താലിബാന്‍ അഫ്ഗാന്‍ ഭരണം കൈയടക്കിയതിന് ശേഷം 5000ഓളം അഫ്ഗാന്‍ പൗരന്മാരെ തങ്ങള്‍ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബര്‍ മാസത്തില്‍ ഇറ്റലി വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സഖ്യത്തില്‍പ്പെട്ട അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ജര്‍മനി, ബ്രിട്ടണ്‍, തുര്‍ക്കി എന്നിവയാണ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍.