| Friday, 4th October 2024, 9:05 am

ഫൈനലില്‍ ആറ് പന്തില്‍ 28 വേണ്ടപ്പോള്‍ നാല് സിക്‌സറും ഫോറും; അഫ്രിദിക്കരുത്തില്‍ കപ്പുയര്‍ത്തി സര്‍പ്രൈസ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.സി.സി ടി-10 ചലഞ്ചര്‍ ട്രോഫിയില്‍ കിരീടമുയര്‍ത്തി ഗ്രീസ്. കര്‍ട്ടാന ഓവലില്‍ നടന്ന മത്സരത്തില്‍ എസ്‌റ്റോണിയയെ പരാജയപ്പെടുത്തിയാണ് ഗ്രീസ് കിരീടം സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഗ്രീസ് കിരീടം ഉയര്‍ത്തുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഗ്രീസ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് എസ്റ്റോണിയെ അടിച്ചുകൂട്ടിയത്. സെഞ്ച്വറി നേടിയ സഹില്‍ ചൗഹാന്റെ കരുത്തിലാണ് എസ്റ്റോണിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

28 പന്തില്‍ 109 റണ്‍സാണ് ചൗഹാന്‍ സ്വന്തമാക്കിയത്. 15 സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 389.29 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഡേവിഡ് റോബ്‌സണ്‍ (13 പന്തില്‍ 25 റണ്‍സ്) ക്യാപ്റ്റന്‍ അര്‍സ്‌ലന്‍ അംജദ് (പത്ത് പന്തില്‍ 19) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്രീസിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ സിനാന്‍ ഖാന്‍ സില്‍വര്‍ ഡക്കായി പുറത്തായി. ബിലാല്‍ മസൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റുവര്‍ട്ട് ഹുക്കിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ അമര്‍പ്രീത് മെഹ്‌മിയെത്തിയതോടെ മത്സരം പതിയെ എസ്റ്റോണിയയുടെ കയ്യില്‍ നിന്നും വഴുതി മാറി. മെഹ്‌മിയെ ഒപ്പം കൂട്ടി സാജിദ് അഫ്രിദി വെടിക്കെട്ട് കാഴ്ചവെച്ചു. ഒരു വശത്ത് നിന്ന് അഫ്രിദിയും മറുവശത്ത് നിന്ന് മെഹ്‌മിയും എതിര്‍ ടീം ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടിരുന്നു.

എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 136 എന്ന നിലയിലായിരുന്നു ഗ്രീസ്. എന്നാല്‍ രണ്ട് ഓവറില്‍ 40 റണ്‍സ് നേടിയാല്‍ മാത്രമേ ടീമിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഡേവിഡ് റോബ്‌സണ്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 12 റണ്‍സ് മാത്രമാണ് പിറന്നത്. ഇതിനേക്കാളുപരി ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ മെഹ്‌മിയെ പുറത്താക്കാനും റോബ്‌സണ് സാധിച്ചു. ഓവറിലെ ആദ്യ പന്തില്‍ എസ്റ്റോണിയന്‍ നായകന്റെ കയ്യിലൊതുങ്ങിയാണ് ഗ്രീക്ക് നായകന്‍ പുറത്തായത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 28 റണ്‍സായിരുന്നു ഗ്രീസിന് വേണ്ടിയിരുന്നത്. മികച്ച ഫോമില്‍ ക്രീസില്‍ നിലയുറപ്പിച്ച സാജിദ് അഫ്രിദിയും മെഹ്‌മിക്ക് പകരക്കാരനായെത്തിയ അസ്‌ലം മഹ്‌മൂദുമാണ് ക്രീസിലുണ്ടായിരുന്നത്.

പ്രണയ് ഘീവാലയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സാജിദ് അലി സിക്‌സറിന് പറത്തി. രണ്ടാം പന്തും അതിര്‍ത്തി കടന്നതോടെ ഗ്രീസ് പ്രതീക്ഷകള്‍ വീണ്ടെടുത്തുതുടങ്ങി.

നാല് പന്തില്‍ 16 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ നില്‍ക്കവെ അടുത്ത പന്തും അഫ്രിദി സിക്‌സറിന് പറത്തി.

ഓവറിലെ നാലാം പന്ത് മിസ് ഹിറ്റായെങ്കിലും അഫ്രിദി രക്ഷപ്പെട്ടു, ആ പന്തില്‍ ബൗണ്ടറി പിറക്കുകയും ചെയ്തതോടെ ഗ്രീക്ക് ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലായി.

രണ്ട് പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് മാത്രം മതിയെന്നിരിക്കെ അഫ്രിദി അഞ്ചാം പന്തും സിക്‌സറിന് പറത്തി ടീമിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.

Content Highlight: Greece wins ECC Challenger Trophy

We use cookies to give you the best possible experience. Learn more