ഇസ്താംബൂള്‍: വാര്‍ത്താസമ്മേളനത്തിനിടെ പരസ്പരം പോരടിച്ച് തുര്‍ക്കി, ഗ്രീസ് വിദേശകാര്യ മന്ത്രിമാര്‍. തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലിദ് കാവുസോഗ്ലുവും ഗ്രീസ് വിദേശകാര്യമന്ത്രി നിക്കോസ് ഡെന്‍ഡിയാസുമാണ് പരസ്യമായി ഏറ്റുമുട്ടിയത്.
നാറ്റോയില്‍ അംഗങ്ങളായ ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ കൂടിക്കാഴ്ചയാണ് അവസാനമാണ് വാക്‌പോരില്‍ അവസാനിച്ചത്.
തുര്‍ക്കി വിദേശകാര്യമന്ത്രി കാവുസോഗ്ലുവാണ് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആദ്യം സംസാരിച്ചത്. ക്രിയാത്മക സംഭാഷണത്തിലൂടെ ഗ്രീസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്നും ഇരുരാജ്യങ്ങളുടെയും ബന്ധത്തെ തകര്‍ക്കുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയെന്നതാണ് തങ്ങളുടെ താല്‍പ്പര്യമെന്നും കാവുസോഗ്ലു പറഞ്ഞു.
എന്നാല്‍, മറുപടി പ്രസംഗം നടത്തിയ ഗ്രീസ് വിദേശകാര്യമന്ത്രി ഡെന്‍ഡിയാസ് തുര്‍ക്കിയെക്കുറിച്ചുള്ള പരാതികളുയര്‍ത്തിയാണ് സംസാരിച്ച് തുടങ്ങിയത്. പ്രകൃതി വാതകത്തിന് വേണ്ടിയുള്ള തെരച്ചില്‍, ഗ്രീക്ക് ന്യൂനപക്ഷങ്ങളോടുള്ള തുര്‍ക്കിയുടെ പെരുമാറ്റം എന്നിവ ഡെന്‍ഡിയാസ് ഉന്നയിച്ചു.
‘നിങ്ങള്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റപ്പെടുത്തുന്നു. ഇതുപോലെ പ്രതികരിക്കാന്‍ എനിക്കും കഴിയും,’എന്നായിരുന്നു കാവുസോഗ്ലു മറുപടി നല്‍കിയത്. ഇതാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക