| Tuesday, 28th November 2023, 5:28 pm

ബ്രിട്ടന്‍ മോഷ്ടിച്ച ശില്‍പങ്ങള്‍ തിരികെയേല്‍പ്പിക്കണമെന്ന് ഗ്രീസ് പ്രധാനമന്ത്രി; കൂടിക്കാഴ്ച റദ്ദാക്കി ഋഷി സുനക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏദന്‍സ്: ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഏദന്‍സില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന 2500 വര്‍ഷം പഴക്കമുള്ള ഗ്രീക്ക് ശില്‍പങ്ങളുടെ പദവി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഋഷി സുനക് റദ്ദാക്കിയത്.

19 നൂറ്റാണ്ടില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ ലോര്‍ഡ് എല്‍ജിന്‍ ഏദന്‍സിലെ പാര്‍ത്ഥനോണ്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത മാര്‍ബിളുകള്‍ ബ്രിട്ടന്‍ ഭരണകൂടത്താല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗ്രീസ് അവകാശപ്പെടുന്നുണ്ട്. മോഷ്ടിച്ച ശില്‍പങ്ങള്‍ തിരികെ നല്‍കണമെന്നും വര്‍ഷങ്ങളായി ഗ്രീസ് ഭരണകൂടം ബ്രിട്ടനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രീസിന്റെ അവകാശവാദങ്ങള്‍ ബ്രിട്ടന്‍ ഭരണകൂടം നിഷേധിച്ചിരുന്നു.

പ്രശ്‌നത്തില്‍ പരിഹാരം കണ്ടുവെന്ന് ആരോപിച്ച് അവസാനനിമിഷത്തില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഒഴിവാക്കിയതില്‍ കിരിയാക്കോസ് മിത്സോട്ടാക്കിസ് അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്നവര്‍ വാദപ്രതിവാദങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ത്ഥനോണിലെ ശില്‍പങ്ങളുടെ വിഷയത്തില്‍ ഗ്രീസിന്റെ നിലപാട് എല്ലാവര്‍ക്കുമറിയാമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഈക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും മിത്സോട്ടാക്കിസ് പറഞ്ഞു.

അതേസമയം മിത്സോട്ടാക്കിസിന്റെ പ്രതികരണത്തില്‍ ഗ്രീസും യു.കെയും നല്ല ബന്ധത്തിലാണെന്നും, നാറ്റോയിലെ സംയുക്ത പ്രവത്തനവും അനധികൃത കുടിയേറ്റവും പശ്ചിമേഷ്യയിലെയും ഉക്രൈനിലേയും യുദ്ധത്തെ കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഗ്രീസ് പ്രധാനമന്ത്രി ഇല്ലാതാക്കുന്നതെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഋഷി സുനകിന് പകരം ഉപപ്രധാനമന്ത്രി ഒലിവര്‍ ഡൗഡനെ കാണാനുള്ള യു.കെയുടെ അറിയിപ്പ് മിത്സോട്ടാക്കിസ് നിരസിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശില്‍പങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Greece Prime Minister wants Britain to return stolen sculptures

We use cookies to give you the best possible experience. Learn more