ഹൂത്തികളെ തടയാൻ അമേരിക്കന്‍ നാവിക സഖ്യത്തിലേക്ക് യുദ്ധക്കപ്പല്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ച് ഗ്രീസ്
World News
ഹൂത്തികളെ തടയാൻ അമേരിക്കന്‍ നാവിക സഖ്യത്തിലേക്ക് യുദ്ധക്കപ്പല്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ച് ഗ്രീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st December 2023, 8:00 pm

ഏദന്‍സ്: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തി വിമതരുടെ ആക്രമണം തടയുന്നതിനായുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യത്തിലേക്ക് യുദ്ധക്കപ്പല്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ച് ഗ്രീസ്. പ്രതിരോധ മന്ത്രി നിക്കോസ് ഡെന്‍ഡിയാസ് ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം പ്രഖ്യാപിച്ചത്.

ഷിപ്പിങ് രാജ്യമെന്ന നിലയില്‍ സമുദ്ര പാതയിലുള്ള ഭീഷണി നേരിടേണ്ടത് അടിസ്ഥാനപരമായി പ്രധാനപ്പെട്ട വിഷയമാണെന്നാണ് ഗ്രീസിന്റെ വിലയിരുത്തല്‍. യെമനിലെ ഹൂത്തി വിമതരുടെ ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയോടൊപ്പം ചേരുന്ന ഏറ്റവും പുതിയ രാജ്യം കൂടിയാണ് ഗ്രീസ്.

ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളെ തടയാനായി യു.എസ് പ്രഖ്യാപിച്ച നേവല്‍ ടാസ്‌ക് ഫോഴ്സ് 10 അംഗരാജ്യങ്ങളെ പട്ടികപ്പെടുത്തുകയുണ്ടായി. ഈ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ പ്രധാനപ്പെട്ട സമുദ്ര പാതകളില്‍ പട്രോളിങ് നടത്തണമെന്നാണ് നാവിക സഖ്യത്തിന്റെ തീരുമാനം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ഓപ്പറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍ എന്ന് വിശേഷിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സഖ്യത്തില്‍ ബ്രിട്ടന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സീഷെല്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

കൂടാതെ ഡെന്മാര്‍ക്കും സഖ്യത്തില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും നേവല്‍ ഫോഴ്സ് വഴി ഹൂത്തികളെ എതിര്‍ക്കാന്‍ സംഭാവന നല്‍കുമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധക്കപ്പലുകള്‍ വിട്ടുകൊടുക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും ദൗത്യത്തെ പിന്തുണച്ചുകൊണ്ട് 11 സൈനികരെ അയക്കാന്‍ തയ്യാറാണെന്ന് ഓസ്ട്രേലിയ അറിയിച്ചു.

അതേസമയം യെമനനിന് നേരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്ക ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ മണ്ടത്തരമാവുമതെന്നും രാജ്യത്തെ ജനങ്ങളില്‍ നിന്നും സൈന്യത്തില്‍ നിന്നുമുണ്ടാവാന്‍ പോവുന്ന പ്രതികരണം ഭീകരമായിരിക്കുമെന്നും ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു.

ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണം നിര്‍ത്തുന്നത് വരെ അമേരിക്കന്‍ – ഇസ്രഈല്‍ സഖ്യത്തിനെതിരെയുള്ള തങ്ങളുടെ നീക്കങ്ങള്‍ തുടരുമെന്നും ഹൂത്തി വിമതര്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈലിന് നല്‍കുന്ന പിന്തുണ തുടര്‍ന്നാല്‍ യു.എസ് യുദ്ധക്കപ്പലുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍  മുന്നറിയിപ്പ് നല്‍കി.

Content Highlight: Greece has decided to give warships to the US naval coalition to control the Houthis