ധനമന്ത്രിമാരുടെ അടിയന്തര യോഗത്തിനുശേഷമായിരുന്നു തീരുമാനം. വായ്പ തിരിച്ചടക്കാനുള്ള സമയം അല്പം നീട്ടിനല്‍കണമെന്നും ഗ്രീക്കിനെ രക്ഷപ്പെടുത്താനുള്ള രണ്ടുവര്‍ഷത്തെ ഇടപെടലും വേണമെന്നാണ് ഗ്രീക്ക് പ്രധനമന്ത്രി അലക്‌സിസ് ആവശ്യപ്പെട്ടത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ നിബന്ധനകള്‍ അംഗീകകരിക്കാന്‍ ഗ്രീക്ക് തയ്യാറാവാത്തതിനാല്‍ വായ്പ തിരിച്ചടക്കാനുള്ള കാലപരിധി നീട്ടിനല്‍കില്ലെന്ന് യൂറോ ഗ്രൂപ്പ് ചെയര്‍മാനായ ഡച്ച് ധനമന്ത്രി ജെറോയന്‍ ഡിസല്‍ബ്ലോം പറഞ്ഞു.
ഗ്രീക്ക് ആവശ്യപ്പെട്ട 29.1 ബില്യണ്‍ പൗണ്ടിന്റെ സഹായ പദ്ധതിയെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാനുള്ള സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.
കടബാധ്യത തീര്‍ക്കാന്‍ പെന്‍ഷന്‍ നിര്‍ത്തലാക്കുക, നികുതി വര്‍ധിപ്പിക്കുക, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക തുടങ്ങിയ നിബന്ധനകളാണ് ഗ്രീക്കിനു മുമ്പില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വെച്ചത്. എന്നാല്‍ ഈ നിബന്ധനകള്‍ തള്ളിക്കളയാന്‍ വോട്ടര്‍മാരോട് ഗ്രീസ് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നെടുത്ത വായ്പ സമയപരിധിക്കുള്ളില്‍ തിരിച്ചടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിമൂലം ശ്വാസം മുട്ടുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വായ്പ തിരിച്ചടക്കുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇടതുപക്ഷ സിറിസ പാര്‍ട്ടിയുടെ 20,000ത്തിലധികം വരുന്ന പിന്തുണക്കാര്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ അനുകൂലിച്ച് പാര്‍ലമെന്റിനു മുന്നില്‍ റാലി നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
വായ്പ തിരിച്ചടക്കാതിരുന്നാല്‍ ലോണെടുത്ത സമയത്തെ കരാര്‍ അനുസരിച്ച് 280ബില്യണ്‍ പൗണ്ട് പലിശയടക്കം എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കാന്‍ യൂറോസോണ്‍ രാജ്യങ്ങള്‍ക്ക് ആവശ്യപ്പെടാം. എന്നിട്ടും സാധിച്ചില്ലെങ്കില്‍ ഗ്രൂക്കിനെ യൂറോ സോണില്‍ നിന്ന് പുറത്താക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
യൂറോസോണില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ അത് ഗ്രീസിന് കൂടുതല്‍ ക്ഷീണമുണ്ടാക്കും. നിലവില്‍ തന്നെ തൊഴിലില്ലായ്്മ കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമേ പെന്‍ഷന്‍ വിതരണത്തിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.
യൂറോപ്യന്‍ യൂണിയന്റെ കടുത്ത ഉപാധികള്‍ക്കു വഴങ്ങി സാമ്പത്തിക സഹായം സ്വീകരിക്കണമോ എന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ജൂലൈ 6നാണ് ഹിതപരിശോധന. സ്വീകരിക്കേണ്ട എന്നാണു തീരുമാനമെങ്കില്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകും. ഇത് മറ്റ് രാജ്യങ്ങളിലെയും സാമ്പത്തിക നിലയെ ബാധിക്കും.
അതിനിടെ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി ആഗോള സാമ്പത്തികരംഗത്തും ആശങ്ക പടര്‍ത്തുന്നുണ്ട്. ഏഷ്യന്‍ വിപണിയിലും ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമുണ്ടായിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികള്‍ ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തി. പ്രതിസന്ധിയില്‍ അയവില്ലാത്തതിനാല്‍ ഗ്രീസില്‍ ബാങ്കുകള്‍ പൂട്ടിയിടാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഗ്രീസില്‍ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകരും ആശങ്കയിലാണ്. ഇതേ ആശങ്കയാണ് മറ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളിലും പടരുന്നത്.