ഗ്രീസില്‍ സിരിസ വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു
Daily News
ഗ്രീസില്‍ സിരിസ വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2015, 3:21 pm

panagioപനാജിയോറ്റിസ്

ഏഥന്‍സ്:  ഗ്രീസില്‍ അധികാരമൊഴിഞ്ഞ ഇടതുപക്ഷ കക്ഷിയായ സിരിസയിലെ വിമതര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. “പോപ്പുലര്‍ യൂണിറ്റി” എന്ന പേരില്‍ 25ഓളം വിമത എം.പി മാരാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി മുന്നോട്ട് പോവുന്നതെന്ന് ഗ്രീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിരിസ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് വ്യാഴാഴ്ച രാജി വെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി രൂപീകരണവുമായി വിമതര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സിപ്രസിന്റെ കടാശ്വാസ പദ്ധതിയെ ഏറ്റവുമധികം എതിര്‍ത്തിരുന്ന മുന്‍ ഊര്‍ജ വകുപ്പ് മന്ത്രി പനാജിയോറ്റിസ് ലഫാസാനിസിന്റെ നേതൃത്വത്തിലാണ് വിമതരുടെ പാര്‍ട്ടി രൂപീകരണം. നേരത്തെ തന്നെ രാജി വെച്ച ധനമന്ത്രി യാനിസ് വരൂഫാകിസ്, സ്പീക്കര്‍ സോ കോണ്‍സ്റ്റന്റാപുലോ തുടങ്ങിയ പ്രമുഖരും വിമത പാര്‍ട്ടിയിലുണ്ട്. ഇരുവരും കടാശ്വാസ പദ്ധതിയെ എതിര്‍ത്തിരുന്നവരാണ്.

കടാശ്വാസ പദ്ധതികള്‍ക്കെതിരെയും യൂറോസോണിനെതിരെയുമുള്ള പാര്‍ട്ടി നിലപാടുകളില്‍ വെള്ളം ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പുതിയ പാര്‍ട്ടിയുണ്ടാക്കിയതെന്ന് വിമതര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലായിരുന്നു സിപ്രാസ് യൂറോപ്യന്‍ യൂണിയന്‍ വെച്ചു നീട്ടിയിരുന്ന കടാശ്വാസ പദ്ധതി അംഗീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സിരിസയില്‍ പ്രതിസന്ധി രൂക്ഷമായത്.

നിലവില്‍ പാര്‍ലമെന്റിലെ അംഗ ബലത്തില്‍ “പോപ്പൂലര്‍ യൂണിറ്റി” മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 300ല്‍ 149 സീറ്റുകള്‍ നേടിയാണ് സിരിസ ഗ്രീസില്‍ അധികാരത്തിലേറിയിരുന്നത്.