| Friday, 6th September 2024, 4:25 pm

ഗാന്ധിയായി വിജയ് വന്നിട്ടും ടര്‍ബോ ജോസിനെ വീഴ്ത്താന്‍ പറ്റിയില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അന്യഭാഷാചിത്രത്തിന് കേരളത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ റിലീസാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് ലഭിച്ചത്. വെങ്കട് പ്രഭുവിനോടൊപ്പം വിജയ് ആദ്യമായി കൈകോര്‍ത്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ഗോട്ട്.

700ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഗോട്ടിന് ആദ്യദിനം 5.80 കോടിയാണ് കേരളത്തില്‍ നിന്ന് നേടാന്‍ കഴിഞ്ഞത്. പുലര്‍ച്ചെ നാല് മണി മുതല്‍ പ്രദര്‍ശനമാരംഭിച്ച ഗോട്ട് ആദ്യദിനം 4000ത്തിനടുത്ത് പ്രദര്‍ശനം നടത്തി. എന്നാല്‍ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ സിനിമകളില്‍ നാലാം സ്ഥാനത്താണ് ഗോട്ട്.

മമ്മൂട്ടി- വൈശാഖ് കോമ്പോ ഒന്നിച്ച ടര്‍ബോയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ സിനിമ. 6.15 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ടര്‍ബോ ജോസ് നേടിയത്. ഗോട്ടിനെപ്പോലെ സമ്മിശ്ര പ്രതികരണമായിരുന്നു ടര്‍ബോയ്ക്കും. വന്‍ പ്രതീക്ഷയില്‍ വന്ന് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം. 5.85 കോടിയാണ് വാലിബന്‍ ആദ്യദിനം നേടിയത്.

പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതമാണ് ഗോട്ടിന് മുന്നിലുള്ളത്. 5.83 കോടിയാണ് ആടുജീവിതം നേടിയത്. പൃഥ്വിരാജിന്റെ തന്നെ ഫാമിലി കോമഡി എന്റര്‍ടൈനര്‍ ഗുരുവായൂരമ്പല നടയിലാണ് അഞ്ചാം സ്ഥാനത്ത്. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ ഇപ്പോഴും വിജയ്‌യുടെ പേരിലാണ്. ലോകേഷ് വിജയ് കോമ്പോയില്‍ പുറത്തിറങ്ങിയ ലിയോ 12 കോടിയാണ് നേടിയത്.

ലിയോയെക്കാള്‍ അധികം സ്‌ക്രീനില്‍ റിലീസ് ചെയ്തിട്ടും പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നിന്ന് നേടാന്‍ ഗോട്ടിന് സാധിക്കാത്ത കാഴ്ചയാണ് ഇപ്പോള്‍. വന്‍ തുകയ്ക്ക് വിതരണത്തിനേറ്റെടുത്ത ചിത്രം കേരളത്തില്‍ ഹിറ്റാകാന്‍ ഇനിയും ഒരുപാട് കളക്ഷന്‍ നേടണം.

Content Highlight: Greatest of All Time earned 5.8 crore from Kerala Box Office

We use cookies to give you the best possible experience. Learn more