കേരളത്തില്‍ ബിഗ് എംസിനെക്കാള്‍ വലിയ ക്രൗഡ്പുള്ളര്‍ ആരെന്ന് കഴിഞ്ഞ കുറച്ചു സിനിമകളായി കാണിച്ചു തരുന്ന നടനാണ് വിജയ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമക്ക് കിട്ടുന്നതിനെക്കാള്‍ വലിയ ആദ്യദിന കളക്ഷനാണ് വിജയ്ക്ക് കിട്ടുന്നത്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ ഇപ്പോള്‍ വിജയ്‌യുടെ പേരിലാണ്. ലോകേഷ് കനകരാജ്- വിജയ് എന്നിവരൊന്നിച്ച ലിയോ 12 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം നേടിയത്.
മലയാളത്തില്‍ മറ്റൊരു നടനും ആദ്യദിന കളക്ഷന്‍ എട്ട് കോടിക്ക് മേലെ പോയിട്ടില്ലെന്ന് അറിയുമ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ദളപതിയുടെ കോട്ട എന്ന് തോന്നിപ്പോകും. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിനും വന്‍ വരവേല്പാണ് ആരാധകര്‍ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബുക്കിങ് തുടങ്ങിയിരുന്നു. ആദ്യദിവസം തന്നെ ഒരു കോടിക്ക് മുകളില്‍ പ്രീ സെയില്‍ നേടാന്‍ ഗോട്ടിനായി.
ലോകേഷ് കനകരാജ് എന്ന ബ്രാന്‍ഡിന്റെയും എല്‍.സി.യു എന്ന ഹൈപ്പും ഇല്ലാതെയാണ് ഗോട്ടിന് ഈ സ്വീകരണം. ലിയോയുടെ ആദ്യദിന കളക്ഷന്‍ ഗോട്ട് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ നടനായി വിജയ് മാറുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ മാത്രം 700ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസാകുന്നത്. ആദ്യദിനം 4000ത്തിലധികം ഷോകളാണ് പ്ലാന്‍ ചെയ്യുന്നത്. വിജയ്- വെങ്കട് പ്രഭു കോമ്പോ ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നല്‍കിയ വി.പി വിജയ്‌യുമായി ഒന്നിക്കുമ്പോള്‍ എന്താണ് ഒരുക്കുന്നതെന്ന ആകാംക്ഷയിലാണ് സിനമാലോകം.
ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന സിനിമ കൂടിയാണ് ഗോട്ട്. വിജയ്‌യുടെ രണ്ടാം ഗെറ്റപ്പ് ഡീ ഏജ് ചെയ്താണ് ഒരുക്കുന്നത്. 400 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഗോട്ടില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. വിജയ്ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, മൈക്ക് മോഹന്‍, സ്‌നേഹ, മീനാക്ഷി ചൗധരി, അജ്മല്‍ അമീര്‍, ജയറാം എന്നിവരാണ് മറ്റ് താരങ്ങള്‍.
Content Highlight: Greatest Of All Time earned one crore through pre sales in first day